അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part 1
നാടകത്തിന്റെ ഇന്നോളമുള്ള പെണ്‍ചരിത്രത്തിന്റെ ഭൂതവും ഭാവിയും നിര്‍ണയിച്ച സമകാലികമുഖങ്ങളിലൊന്നാണ് സജിത മഠത്തിലിന്റേത്. തന്നിലെയും അരങ്ങിലെയും സ്ത്രീശക്തിയുടെ മുഴുവന്‍ വീര്യം വീണ്ടെടുത്തവള്‍. മലയാള മുഖ്യധാരാ നാടകചരിത്രം പുരുഷന്റെ നിഴല്‍വെട്ടങ്ങളായിപ്പോലും രേഖപ്പെടുത്താതെ വിജനമായ ഇരുട്ടിലുപേക്ഷിച്ച പെണ്ണനുഭവങ്ങളെ വാമൊഴിപ്പാഠത്തിന്റെ സാധ്യതകളുപയോഗിച്ച് ബദല്‍ ചരിത്രം നിര്‍മിച്ചവള്‍. അരങ്ങിലെ സ്ത്രീ സജിതയോട് കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, സ്വന്തം ഇച്ഛക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് വ്യവസ്ഥക്കെതിരെ ഒരാള്‍ നടത്തുന്ന ഏറ്റവും സര്‍ഗാത്മകമായ കലാപം. അത് പെണ്ണിന്റേതുകൂടിയാവുമ്പോള്‍ തീവ്രം, സുന്ദരം. അതുകൊണ്ടുതന്നെ ഈ പെണ്ണനുഭവത്തിന്റെ പരിച്ഛേദം മലയാളസ്ത്രീ നാടകത്തിന്റെ ജീവചരിത്രം കൂടിയാണ്. ഒരേസമയം നാടകവും യാത്രയും സിനിമയും ആക്ടിവിസവും എഴുത്തും ഗവേഷണവും ഒക്കെ സമന്വയിപ്പിച്ച പെണ്‍ജീവിതം. അടങ്ങിയിരിക്കുന്ന പെണ്ണിന് ഒരു താക്കീതാണ് സജിതയുടെ ഈ ജീവിതം. ജീവിതത്തില്‍ ഒരിക്കല്‍ വീണപ്പോള്‍ തോറ്റു എന്ന് ഏറ്റുപാടിയവര്‍ക്ക് മുന്നില്‍ പ്രതിഭയുടെ വീര്യംകൊണ്ടും അവിരാമമായ ആത്മാവിഷ്കരണങ്ങള്‍ കൊണ്ടും അനന്യമായ ജീവിതം സാധ്യമാക്കി പകവീട്ടിയവള്‍.
സ്ത്രീ, സ്ത്രീയെ ലംഘിക്കുകയും അതിജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ഇത്രമേല്‍ സുന്ദരമാകുന്നത്. ലോകം പ്രലോഭനമായി നല്‍കിയ സുരക്ഷിതത്വത്തില്‍ രമിച്ചിരുന്നെങ്കില്‍ ഇവളും നമുക്കപരിചിതയായേനെ. വിലക്കപ്പെട്ടതെല്ലാം സ്വാതന്ത്യ്രംകൊടുത്ത് സ്വായത്തമാക്കിയപ്പോള്‍ അവള്‍ ക്രമേണ അനാവൃതയാവുകയായിരുന്നു. അവളോടൊപ്പം മലയാളത്തിന്റെ പെണ്ണരങ്ങ് കൂടുതല്‍ തീക്ഷ്ണവും ചൈതന്യവുമാര്‍ന്നു. സ്വാതന്ത്യ്രംകൊണ്ട് നെയ്തെടുത്ത ഈ സൌന്ദര്യം അരങ്ങിന്റേത് കൂടിയാവുന്നു. ഒന്നിനും ധൈര്യം കാണിക്കാത്തവരുടെ ദുരവസ്ഥകളാണ് എപ്പോഴും സജിതയെ പ്രചോദിപ്പിച്ചത്. അവയോട് നമുക്കും കടപ്പെടാം. അതുകൊണ്ടാണ് കല്ലായിയിലെ കോലായമുതല്‍ ആഫ്രിക്കയുടെ അരങ്ങുകളില്‍വരെ സജിതക്ക് സ്വയം പ്രകാശിപ്പിക്കാനായത്.>
ചന്ദ്രശേഖരമേനോന്റെയും സാവിത്രിയുടെയും മകളായി കോഴിക്കോട് ജനിച്ച സജിത കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്ന് നാടകത്തില്‍ എംഎയും സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് എംഫിലും നേടി. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് മലയാളനാടകത്തിലെ സ്ത്രീശരീരത്തിന്റെ പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ വിഷ്ണുപ്രിയദത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്നു. മുടിത്തെയ്യം, ആഷാഡ് ക ഏക് ദിന്‍, ഭരതവാക്യം, ചിറകടിയൊച്ചകള്‍, ബ്യൂട്ടി പാര്‍ലര്‍, മത്സ്യഗന്ധി, ഗാര്‍ഡിയന്‍സ് ഓഫ് ദ ഡീപ്, വാട്ടര്‍ പ്ളേ, മതിലുകള്‍, സ്പൈനല്‍ കോഡ് എന്നിവയാണ് പ്രധാന രംഗാവതരണങ്ങള്‍. നിഴല്‍ക്കുത്ത്, വീരപുത്രന്‍, ജാനകി, ഷട്ടര്‍, ഞാന്‍, വര്‍ഷം, ഒറ്റമന്താരം, ഇടുക്കി ഗോള്‍ഡ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മത്സ്യഗന്ധി, ചക്കീചങ്കരന്‍ ഒരു ഫാമിലി റിയാലിറ്റി ഷോ, മദേഴ്സ് ഡേ എന്നീ നാടകങ്ങളും അരങ്ങിന്റെ വകഭേദങ്ങള്‍, മലയാള നാടകസ്ത്രീ ചരിത്രം, ആദ്യകാലനടി എം കെ കമലത്തെക്കുറിച്ച് ജീവചരിത്രം എന്നിവയും രചിച്ചിട്ടുണ്ട്. പിആര്‍ഡിക്കുവേണ്ടി പി കെ മേദിനിയെക്കുറിച്ച് 'മാറ്റത്തിന്റെ പാട്ടുകാരി' എന്ന ജീവചരിത്ര ഡോക്യുമെന്ററി തയ്യാറാക്കി. കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും കേന്ദ്ര സംഗീതനാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ച സജിത ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍സമയ കലാസാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നു.>
ആക്ടിവിസ്റ്റ്, നാടകപ്രവര്‍ത്തക, ഗവേഷക, എഴുത്തുകാരി, സിനിമാനടി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജിത ഇടം കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായ ഒരു പെണ്‍ജീവിതംകൊണ്ട് എളുപ്പം സാധ്യമാകുന്നതല്ല ഇതൊന്നും. എവിടെവച്ചാണ് ഈ വഴിപിരിയല്‍?.
>
എനിക്ക് മൂന്നുവയസുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. പിന്നെ അമ്മയായിരുന്നു എന്നെ വളര്‍ത്തിയത്. അതെന്നെ മറ്റ് കുട്ടികളില്‍നിന്ന് വ്യത്യസ്തതയുള്ള ഒരാളാക്കി. ഞങ്ങളുടേത് കൂട്ടുകുടുംബമായിരുന്നു. അനിയത്തിയെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. അമ്മ ടീച്ചറായിരുന്നു, ആക്ടിവിസ്റ്റും. അമ്മ വീട്ടിലുണ്ടാവുന്ന സമയം കുറവാണ്. അതുകൊണ്ട് എനിക്ക് ധാരാളം സ്വപ്നം കാണാനും കളിക്കാനുമുള്ള അവസരം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്നത് ടൌണിലും ഗ്രാമത്തി ലുമല്ലാത്ത കോഴിക്കോട്ടെ കല്ലായി എന്ന സ്ഥലത്തായിരുന്നു.>
പിതൃഅധികാരത്തിന്റെ അഭാവത്തില്‍ വളര്‍ന്നതുകൊണ്ടാണോ ഇത്തരമൊരു സ്വാതന്ത്യ്രത്തില്‍ എളുപ്പം പ്രവേശിച്ചത്. അല്ലെങ്കില്‍ ഒരു സാധാരണ സ്ത്രീജീവിതം ആയിപ്പോയേനെ എന്നാണോ?.>
= അതറിയില്ല. പക്ഷേ, അച്ഛന്റെ അഭാവം അമ്മ അറിയിച്ചിരുന്നില്ല. അച്ഛനില്ലാത്തതിന്റെ വിഷമം അനുഭവിച്ചത് മുതിര്‍ന്നശേഷമാണ്; ചില സമയത്ത് എന്റെ കൂടെയുള്ള കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍! എന്റെ കാര്യത്തില്‍ അമ്മയെക്കാള്‍ ഉപരി ഞാന്‍ തന്നെയായിരുന്നു തീരുമാനം എടുത്തിരുന്നത്. ആ സ്വാതന്ത്യ്രം പിന്നീട് ഞാന്‍ വലിയ രീതിയില്‍ ആസ്വദിച്ചു എന്നാല്‍ ആ സ്വാതന്ത്യ്രം നല്‍കിയ ഉത്തരവാദിത്തം ചെറുതായിരുന്നില്ല.>
ഈ സ്വാതന്ത്യ്രമാണോ ഇന്നത്തെ സജിതയെ സാധ്യമാക്കിയത്?.>
ആയിരിക്കാം, ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു താല്‍പ്പര്യം. പത്തിരുപത് വര്‍ഷക്കാലം ഞാന്‍ ഡാന്‍സ് പഠിച്ചിട്ടുണ്ട്. ഡിഗ്രിവരെ ഡാന്‍സിനുതന്നെയായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. കോഴിക്കോടുണ്ടായിരുന്ന നാടകനടിയായിരുന്ന സാവിത്രി ശ്രീധര്‍ ആയിരുന്നു ആദ്യത്തെ ഡാന്‍സ് ടീച്ചര്‍. പിന്നീട് കലാമണ്ഡലം ചന്ദ്രിക ടീച്ചര്‍. അവരൊക്കെ പ്രതീക്ഷിച്ചിരുന്നത് ഞാന്‍ ഡാന്‍സില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നായിരുന്നു. പക്ഷേ, ജീവിതം മറ്റൊരു രീതിയിലാണ് എന്നെ നയിച്ചത്. അമ്മ നേരത്തെതന്നെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. അമ്മയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യമായിരുന്നു. വീടിന്റെ അകത്തെമാത്രം സ്ത്രീകളുടെ ഇടമായി അമ്മ ഒരിക്കലും പരിഗണിച്ചിരുന്നേയില്ല. വീടിന്റെ പുറത്തായിരുന്നു ജീവിതമെന്നാണ് അമ്മ എപ്പോഴും വിചാരിച്ചിരുന്നത്. അമ്മയെപ്പോലുള്ള സ്ത്രീകളുടെ എനര്‍ജിയെ ഗൌരവപൂര്‍വം നയിക്കാനുള്ള രാഷ്ട്രീയ നേതൃത്വമോ സംഘടനകളോ കേരളത്തില്‍ അന്നും ഇന്നും കുറവാണ്.>
No comments:
Post a Comment