Friday, November 1, 2013

കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്??


കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്? അവര്‍ക്കു പറയാനുള്ളത് എന്താവും? മലയാള നാടകവേദിയെക്കുറിച്ച് ആനുകാലികങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഭൂരിഭാഗവും നാടകാചാര്യന്മാരുടെ അനുഭവങ്ങളില്‍ നിന്നാവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. സ്ത്രീ നാടക പ്രവര്‍ത്തകര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഗൗരവപ്പെട്ടതായോ, കാമ്പുള്ളവയായോ ആനുകാലികങ്ങളില്‍ കാണാറില്ല. അരുതാത്തിടത്ത് വന്നുകയറിപ്പോകുന്ന ഒരാളുടെ ജാള്യതയോടെയാണ് ഓരോ സ്ത്രീയും തങ്ങളുടെ നാടകാനുഭവങ്ങള്‍ക്കിരിക്കുന്നത്. ആയതിനാല്‍ തന്നെ അവയെക്കുറിച്ചു മറ്റുള്ളവരോട് പറയുന്നത് മടിച്ചുകൊണ്ടുമായിരിക്കും. നാടകം തങ്ങളുടെ ഇടമായി സ്വാതന്ത്ര്യത്തിന്റെ ഭാഷയായി മലയാളി സ്ത്രീ കണ്ടുതുടങ്ങിയത് 1980കളുടെ അവസാനത്തോടെയാണ്. അതിനു സാധ്യമായ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ക്കു ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു. മിസ് അമെരിക്ക, മിസ് വേള്‍ഡ് തുടങ്ങിയ മത്സരങ്ങള്‍ക്കെതിരേ സ്ത്രീകള്‍ അവതരിപ്പിച്ച രാഷ്ട്രീയ നാടകങ്ങളില്‍ നിന്നാണ് ഫെമിനിസ്റ്റ് നാടകവേദി എന്ന ആശയം രൂപംകൊള്ളുന്നത്. ഈ നാടകവേദി ഒരു ദിശയില്‍ മാത്രമല്ല ഒരിക്കലും പോയിട്ടുള്ളത്. ഫെമിനിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും സ്ത്രീകള്‍ മാത്രമുള്ള സംഘങ്ങള്‍ക്കും ഫെമിനിസ്റ്റ് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയും എല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെട്ടു. നാടകവേദിക്കകത്ത് സ്വന്തമായി ഇടം കണ്ടെത്തുകയും നിലനില്‍ക്കുന്ന പുരുഷാധിപത്യഘടനയെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിലൂടെ മാറിമറിഞ്ഞത് നാടകമെന്ന മാധ്യമത്തിന്റെ സൗന്ദര്യശാസ്ത്രം തന്നെ. കാഴ്ചയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങള്‍, രംഗവേദിയിലെ സ്ത്രീയുടെ ശരീരഭാഷയെ ചോദ്യം ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു. അരങ്ങിനെ പിടിച്ചടക്കിയിരുന്ന പ്രഖ്യാതമായ നാടകരചനകളും രചയിതാക്കളും വിമര്‍ശനാത്മകമായി വായിക്കപ്പെട്ടു. അവയില്‍ നിന്ന് പുതിയ സ്ത്രീ രചനകളിലേക്കും ചരിത്രം മറന്ന സ്ത്രീ നാടക രചനകളുടെ പുനരാവിഷ്‌കാരത്തിനും കാരണമായി. പുതിയ നാടക സ്ത്രീ ചരിത്രങ്ങള്‍ എഴുതപ്പെട്ടു. നാടകപഠനത്തിന് സംവിധായകന്‍ നല്‍കുന്ന രംഗപാഠമാണ് അരങ്ങില്‍ നടീനടന്മാര്‍ അഭിനയാദികളിലൂടെ ദൃശ്യവത്കരിക്കുന്നത്. ഇവിടെ നാടകകൃത്തിന്റെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് നടക്കുന്നതെന്നു കാണാം. നടിയുടെ രംഗചലനങ്ങള്‍, രംഗപടുതികള്‍, രംഗചേഷ്ടകള്‍ ഇവയൊക്കെ ഇത് നിര്‍ണയിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍, സ്ത്രീ പുരുഷ ബന്ധങ്ങള്‍ എന്നിവ ഇവിടെ പകര്‍ത്തപ്പെടുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള സംവിധായക സങ്കല്‍പ്പം, നിലനില്‍ക്കുന്ന സാംസ്‌കാരിക നിയമങ്ങള്‍ രൂപപ്പെടുത്തുന്നതുമാണെന്നു കാണാം. ഇതേ സാംസ്‌കാരിക അന്തരീക്ഷത്തിലെ പ്രേക്ഷകന് ഈ രംഗഭാഷ ആസ്വാദ്യമാവുകയും ചെയ്യുന്നു. കേരളത്തിലെ സംവിധായകനും പ്രേക്ഷകനും ഭൂരിഭാഗവും പുരുഷന്മാരാണെന്നു കാണാം. നടിക്കാകട്ടെ കഥാപാത്രത്തെ സംവിധായകനൊപ്പം നിന്ന് അഭിനയിച്ചു തീര്‍ക്കുക എന്ന പങ്കാണ് നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ ആനുഭവികവും വസ്തുനിഷ്ഠവുമായ സ്ത്രീ യാഥാര്‍ഥ്യം ഇവിടെ പുനര്‍സൃഷ്ടിക്കപ്പെടുന്നില്ല. കല്‍പ്പിത സ്ത്രീബിംബങ്ങളുടെ പുനര്‍പാരായണം നടക്കുന്നുമില്ല. ഇത് സാധ്യമാകണമെങ്കില്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമായിരുന്നു. സ്ത്രീ നടാകവേദികളും സ്ത്രീവാദ നാടകവേദികളും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം ബോധപൂര്‍വമായ ഇടപെടലുകള്‍ സാധ്യമാക്കുന്നവയാണ്. സമൂഹത്തിന്റെ അരികുകളില്‍ നിന്നു പക്ഷാന്തരമായ( altranative ) മാര്‍ഗം സ്വീകരിച്ചുകൊണ്ട് ഈ നാടകവേദികള്‍ പരമ്പരാഗത നാടകവേദിയില്‍ രാഷ്ട്രീയമായ ചോദ്യം ചെയ്യലാണ് നടത്തുന്നത്. കൃതിയെ, രംഗഭാഷയെ, നാടക സിദ്ധാന്തങ്ങളെ എല്ലാം തന്നെ പുനര്‍നിര്‍മിക്കുന്ന ഒരു സൗന്ദര്യ ദര്‍ശനമാണ് ഈ നാടകവേദികള്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നുവന്ന്, ഘട്ടംഘട്ടമായി നാടകവേദിയുടെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തെ നിശിതമായി ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ ബിംബങ്ങളുടെ പുനര്‍സൃഷ്ടി നടത്താനുള്ള ശ്രമവും അതിനായുള്ള സൗന്ദര്യശാസ്ത്രവുമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. 1970കളുടെ അവസാനം ഡല്‍ഹിയിലെ ജനനാട്യ മഞ്ച് സഫ്ദര്‍ ഹഷ്മിയുടെ നേതൃത്വത്തില്‍ ഔരത്ത് ( Women 1979) ചെയ്യുന്നു. സ്ത്രീധനത്തിനായി വധുവിനെ ജീവനോടെ അഗ്നിക്കിരയാക്കുന്നതും ഭാര്യാപീഡനവുമെല്ലാം രംഗവേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കാണികള്‍ അന്ധാളിച്ചുപോയി. ഈ അങ്കലാപ്പ് തന്നെയായിരുന്നു ബോംബെയിലും ഹൈദരാബാദിലും സംഭവിച്ചത്. ആദ്യമായി ഇന്ത്യന്‍ സ്ത്രീ ജീവിതം അരങ്ങിന്റെ ഭാഗമായി. ഒട്ടേറെ സ്ത്രീകള്‍ക്ക് നടാകമെന്ന മാധ്യമം പരിചയപ്പെടാനും അതിന്റെ സാധ്യതകള്‍ മനസിലാക്കാനും ഇതൊരു അവസരമായി. 80കളുടെ ആദ്യത്തില്‍ സഹേലി എന്ന സംഘടന അവതരിപ്പിച്ച ' പെണ്‍കുഞ്ഞ് ജനിച്ചു' എന്ന മറാഠി നാടകം, ഹൈദരാബാദില്‍ സൂസിതാരുവും വിമലാ കണ്ണബീരാനും ഇതേ വിഷയത്തെ ആസ്പദമാക്കി എഴുതിയ സ്ത്രീ മുക്തിസംഘടനയുടെ നാടകം എന്നിവയെല്ലാം ഇതേ കാലത്ത് എഴുതപ്പെട്ടവയാണ്. തുടര്‍ന്ന് ധാരാളം സ്ത്രീ സംഘടനകളും സ്ത്രീ സാടക സംഘങ്ങളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുകയുണ്ടായി. ഇക്കാലത്ത് നാടകത്തിന്റെ കലാമൂല്യത്തേക്കാള്‍ ആശയപ്രചാരത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടത്. നാടകം സൗന്ദര്യാത്മകമായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പതുക്കെ ഉയര്‍ന്നുവരാന്‍ തുടങ്ങി. മുദ്രാവാക്യങ്ങള്‍ സംഭാഷണങ്ങളിലൂടെ ഉതിര്‍ക്കുന്നവയല്ല നാടകമെന്ന ബോധ്യപ്പെടല്‍ പല ഗ്രൂപ്പുകള്‍ക്കും ഉണ്ടായി. ഇത് സ്ത്രീ നാടക ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിന് പ്രാരംഭം കുറിച്ചു. നാടക പഠനത്തിനായി ഒട്ടേറെ സ്ത്രീകള്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെത്തിച്ചേരുന്നത് ഇക്കാലത്താണ്. നീലം മാന്‍ സിങ് ചൗധരിയും മധുശ്രീ ദത്തയും ബി ജയശ്രീയും ഇവിടെ നിന്ന് നാടകത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ഫെമിനിസ്റ്റ് ചിന്തകളില്‍ നിന്ന് നാടകപ്രവര്‍ത്തനത്തിലേക്ക് പോയവരാണ് ത്രിപുരാരി ശര്‍മയും അനുരാധ കപൂറും മറ്റും. കഥകളിയുടെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാറാവു തന്റെ നാടകം രൂപപ്പെടുത്തിയെങ്കില്‍ മാലശ്രീ ഹാഷ്മി തെരുവു നാടകരൂപത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കീര്‍ത്തി ജെയ്‌നം, ഉഷ ഗാംഗുലി, ശാന്ത ഗാന്ധി, വീണാപാണി ചൗള എന്നിവരെല്ലാം നാടകരംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണിന്ന്. കേരളത്തില്‍ ഇതിനു തുടര്‍ച്ചയായാണ് ഫെമിനിസ്റ്റ് നാടക പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. മാനുഷിയും സമതയും ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയും എഴുപതുകളില്‍ ഒട്ടേറെ സ്ത്രീകളെ രംഗത്തുകൊണ്ടുവന്നപ്പോള്‍, തൊണ്ണൂറുകളില്‍ സ്ത്രീ പഠനകേന്ദ്രം കൂത്താട്ടുകുളത്ത് സ്ത്രീനാടക ക്യാംപ് നടത്തുന്നതും, അതിന്റെ തുടര്‍ച്ചയെന്നോണം അഭിനേത്രി പോലുള്ള സ്ത്രീനാടക സംഘങ്ങള്‍ രൂപപ്പെടുകയും ചെയ്തു. സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിലും അഭിനേത്രിയുടെ നേതൃത്വതിലും സ്ത്രീ നാടകപ്പണിപ്പുരകള്‍ നടക്കുകയുണ്ടായി. ഇന്ത്യന്‍ സ്ത്രീക്ക് നാടകവേദിയെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. കുറെക്കൂടി ഗൗരവത്തോടെ സ്ത്രീ നാടക പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിരീക്ഷ എന്ന സ്ത്രീ നാടക സംഘടന വിജയംവരിക്കുന്നത് ഈ നാടകാനുഭവങ്ങളുടെ തുടര്‍ച്ചയായാണ്. ശ്രീജ, മിനി തുടങ്ങിയ ഒട്ടേറെ സ്ത്രീ നാടകപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്ന നാടകസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. സജിത മഠത്തില്‍

No comments: