മേദിനി, കേരളം കണ്ട ആദ്യകാല സ്ത്രീ സാംസ്കാരിക പ്രവര്‍ത്തകരില്‍ ഒരാളാണ്. ആലപ്പുഴയിലെ തൊഴിലാളി സ്ത്രീകളുടെ മുന്നേറ്റത്തിന്റെയും പോരാട്ടത്തിന്റെയും മുഖ്യസംഘാടകയും, പടപ്പാട്ടുകാരിയുമായിരുന്നു അവര്‍.
1933 ആഗസ്റ്റ് മാസം 8-ാം തീയതി ആലപ്പുഴ ടൌണിനുസമീപം കാഞ്ഞിരംചിറയിലാണ് മേദിനിയുടെ ജനനം. കുടിയാന് കുടുംബത്തിനുള്ള ദരിദ്രപൂര്‍ണ്ണമായ കുട്ടിക്കാലം. പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ 12 വയസ്സുള്ള മേദിനി, സമരപരിശീലനങ്ങള് നേരിട്ടു കണ്ടിട്ടുണ്ട്.
തിരുവിതാംകൂര്‍ കയര്‍ വര്‍ക്കേഴ്സിന്റെ കീഴില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ തൊഴിലാളി കലാ-സാംസ്കാരികകേന്ദ്രം ആരംഭിക്കുന്നത് ഇക്കാലത്താണ്. 'ജനാധിപത്യ കലാനിലയം' എന്നു പേരിട്ട ഈ സംഘം നാടകത്തിലൂടെയും പാട്ടുകളിലൂടെയും, തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ സമരവീര്യമുള്ളതാക്കി മാറ്റി. മീനാക്ഷി എന്ന സമരനേതാവും കലാകാരിയുമായിരുന്ന അയല്വാസിയിലൂടെയാണ് മേദിനി ഈ രംഗത്തേക്ക് കടന്നുവരുന്നത്. അവര്‍ പഠിപ്പിച്ച തിരുവാതിരക്കളിയുടെ പാട്ടുകളില്‍ നിറഞ്ഞുനിന്നത് തൊഴിലാളി ജീവിതവും അവരുടെ സമരോര്ജ്ജവുമായിരുന്നു.
അക്കാലത്തെ മറ്റൊരു സമരഗായികയായിരുന്നു എം.കെ. അനസൂയ. ഈ മുന്‍ഗാമികളായ ഗായികമാരുടെ ചുവടുപിടിച്ചാണ് മേദിനി ഈ രംഗത്തേക്ക് കടന്നുവന്നത്.
സമരമുഖങ്ങളിലെ സാന്നിദ്ധ്യം
ജീവിതക്ളേശങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ പാട്ടുപാടി ജീവിക്കുന്നതിലേക്ക് അവരെ നയിച്ചത്. പിന്നീടത് രാഷ്ട്രീയപ്രവര്‍ത്തനമായി മാറുകയായിരുന്നു. പുന്നപ്രവയലാര്‍ സമരത്തെത്തുടര്‍ന്ന് പട്ടാളം വീട് തകര്‍ക്കുകയും അവര്‍ക്ക് പിന്നീട് ഒളിവില്‍ പോകേണ്ടിവരികയും ചെയ്തു. പുരുഷവേഷത്തിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്.
1952-ല്‍ അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി വീണ്ടും കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പാട്ടുപാടിയതിന്റെ പേരില്‍ ലോക്കപ്പിലായി. പോലീസിനെതിരെയുള്ള പാട്ടുകള്‍ പാടിപ്പിച്ചുകൊണ്ട് മേദിനിയെ അവര്‍ ഉപദ്രവിച്ചു. സമരപ്രവര്‍ത്തകര്‍ ശേഖരിച്ച ജാമ്യത്തുകകൊണ്ട് പിറ്റേദിവസം തന്നെ മേദിനി പുറത്തെത്തുന്നു. ഏറെക്കാലം പടപ്പാട്ടുകാരിയായും നാടകനടിയായും രാഷ്ട്രീയ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിച്ചു.
ജീവിതത്തില്‍ ഒറ്റപ്പെടല്‍ ആരംഭിച്ചത് വിവാഹപ്രായമായതോടെയാണ്. കൂടെ പ്രവര്‍ത്തിച്ച ചെറുപ്പക്കാര്‍ക്ക് സാംസ്കാരിക പ്രവര്‍ത്തകയായ മേദിനിയില്‍ താല്‍പ്പര്യം തോന്നിയില്ല. അവര്‍ കുടുംബത്തിനകത്തുതന്നെ ജീവിച്ച സ്ത്രീകളെ വിവാഹം കഴിച്ചു മാറിയപ്പോള്‍ മേദിനിയുടെ വിവാഹം സ്ത്രീധനം നല്കി നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്ത്രീധനം നല്‍കാനായി നാടകം നടത്താമെന്നും. ഇതിനോടുള്ള എതിര്‍പ്പായിരുന്നു കോണ്‍ഗ്രസ്സുകാരനായ, ബന്ധുവിനെ വിവാഹം കഴിക്കുന്നതില്‍ എത്തിച്ചേര്‍ന്നത്. ആ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ടായി. രോഗബാധിതനായ ഭര്‍ത്താവ് അധികം വൈകുംമുമ്പ് മരിച്ചു. അന്നത്തെ മുഖ്യമന്ത്രിയായ അച്ചുതമേനോന്റെ നേരിട്ടുള്ള ഇടപെടലില്‍ കേരളാ സ്പിന്നേഴ്സില്‍ ജോലികിട്ടി. ആ സ്ഥാപനം തൊഴിലാളി സമരത്തെത്തുടര്ന് അടച്ചുപൂട്ടും വരെ മേദിനിയുടെ ജീവിതവഴിയും സാംസ്കാരിക മേഖലയുമായത് ഈ ഇടമാണ്.
പി കെ മേദിനി സഹപ്രവര്‍ത്തകര്‍ക്കൊപ്പം
ദാരിദ്ര്യപൂര്‍ണ്ണമായ ജീവിതത്തിലും, അവര്‍ രാഷ്ട്രീയം മുറുകെപ്പിടിച്ചു. 1994-ല്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. ആറാം വയസ്സില്‍ തുടങ്ങി എഴുപത്തി ഏഴു വയസ്സു പിന്നിടുന്ന ഈ വേളയിലും കലാസാംസ്കാരിക ഇടപെടല്‍ മേദിനിക്ക് ജീവവായുവാണ്. മുപ്പതിനായിരം സ്റ്റേജുകളിലധികം അവര്‍ പാട്ടുപാടി കഷ്ടപ്പെടുന്ന മനുഷ്യരുടെ ആവേശത്തെ ഉണര്‍ത്തി. കല കലക്കുവേണ്ടി മാത്രമല്ല ജീവിതത്തിനും സാമൂഹികമാറ്റത്തിനും കൂടി വേണ്ടിയുള്ളതാണെന്നു മേദിനി വിശ്വസിച്ചു കലാജീവിതത്തിനും, അതിനായി അവര്‍ കടന്നുപോയ സംഘര്‍ഷഭരിതമായ സ്ത്രീജീവിതത്തിനും ഇതു പ്രാധാന്യം നല്കി.
സജിത മഠത്തില്‍
['മാറ്റത്തിന്റെ പാട്ടുകാരി' എന്ന സജിത മഠത്തില്‍ സംവിധാനം ചെയ്തു PRD നിര്‍മിച്ച ഡോകുമെന്ററി അവരുടെ സമകാലിക ജീവിത സാഹചര്യങ്ങളിലൂടെ അവര്‍ കടന്നു വന്ന സമരകാലങ്ങള്‍ കാണുവാനുള്ള ശ്രമമാണ്. 44 മിനുട്ടുള്ള ഈ ജീവചരിത്ര ചിത്രം
No comments:
Post a Comment