Thursday, May 9, 2019

അരങ്ങിലേക്കു നടന്ന പെണ്‍ദൂരങ്ങള്‍ Interview by വി കെ ജോബിഷ് Part-3


നാടകം സംവിധാനം ചെയ്ത അനുഭവമുണ്ടല്ലോ. സിനിമ?>
സിനിമയില്‍ ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരു കാര്യം സ്ക്രിപ്റ്റായിരിക്കും. അതെന്നെ വല്ലാതെ എക്സൈറ്റ് ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റ് ഡിസ്കഷനില്‍ ചിലപ്പോള്‍ പങ്കാളിയാകാറുമുണ്ട്>
അരങ്ങില്‍നിന്ന് സ്ക്രീനിലേക്കെത്തിയപ്പോള്‍ നടി എന്ന നിലയില്‍ കിട്ടിയ പരിഗണനയിലെ വ്യത്യാസം?.>
നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് 'നാടകനടി' എന്ന പതിവ് ഒരു നെഗറ്റീവ് ഇമേജ് എനിക്കുണ്ടായതായി തോന്നിയിട്ടില്ല. ഞാന്‍ നാടകം ചെയ്തപ്പോഴൊക്കെ എന്നെ അംഗീകരിച്ചിട്ടുണ്ട്. പിന്നെ എന്റെ ഓഡിയന്‍സിനും വ്യത്യാസമുണ്ടായിരുന്നു. അവര്‍ നാടകത്തെ ഗൌരവത്തോടെ കാണുന്നവരായിരുന്നു. പക്ഷേ, നാടകനടിക്കു കിട്ടുന്നതിനേക്കാള്‍ വലിയ പരിഗണന തീര്‍ച്ചയായും 'സിനിമാനടി' എന്ന നിലയില്‍ ലഭിക്കും, കാരണം സിനിമയുടെ റീച്ചും ഗ്ളാമറും തന്നെയാണ്. അത് കലാകാരി എന്ന നിലയില്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്.>
സിനിമയില്‍ സജിതയുടെ കഥാപാത്രങ്ങള്‍ ടൈപ്പ് ആയി മാറുന്നുണ്ടോ?>
= അതിനുമാത്രം സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. ആക്ടിങ്ങില്‍ ഡിഫറന്‍സ് കൊണ്ടുവരാന്‍ എനിക്കുകഴിഞ്ഞിട്ടില്ലെങ്കില്‍ എന്റെ അഭിനയത്തിന് കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. പരമാവധി വ്യത്യസ്തമാക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നുണ്ട്. നമ്മുടെ സിനിമകളില്‍ ഏജന്‍സിയുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറവാണ്. അതില്‍ത്തന്നെ മിഡില്‍ ഏജ് സ്ത്രീകഥാപാത്രങ്ങള്‍ക്ക് 'അമ്മവേഷങ്ങളുടെ' പരിമിതമായ വട്ടങ്ങളേ സിനിമ നല്‍കാറുള്ളൂ. ജീവിതത്തില്‍ ഞാന്‍ കാണിക്കുന്ന, എന്നെപ്പോലുള്ള സ്ത്രീകള്‍ കാണിക്കുന്ന ഇടപെടല്‍ സിനിമയില്‍നിന്ന് ഒരിക്കലും ലഭ്യമല്ല എന്നു തോന്നുന്നു. എന്നാല്‍ ഇതേ പ്രായമുള്ള പുരുഷകഥാപാത്രങ്ങള്‍ക്ക് ധാരാളം അഭിനയസാധ്യതയുണ്ട്, കഥാപാത്രങ്ങളുമുണ്ട്. ആണ്‍ലോകത്തിന്റെ ആഘോഷമാണ് ക്യാമറയ്ക്കു മുമ്പിലും പിറകിലും.>
സജിത ഇന്നൊരു ചലച്ചിത്രനടിയാണ്. നൃത്തത്തില്‍നിന്ന് സിനിമയിലേക്കെത്തിയവര്‍ തിരിച്ച് നൃത്തത്തില്‍ സജീവമാകാറുണ്ട്. എന്നാല്‍ നാടകമേഖലയില്‍നിന്ന് സിനിമയിലേക്ക് പോയവരാരും രണ്ടുമാധ്യമത്തിലും ഒരുപോലെ ഇടപെടുന്നതായി കാണാറില്ല. സജിതക്ക് >= തിരിച്ചുവരവോ?>
ഞാനതിന് എവിടെയും പോയിട്ടില്ലല്ലോ! ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുമ്പോള്‍ എഴുതിയ പുസ്തകമാണ് 'മലയാള നാടക സ്ത്രീചരിത്രം'. നാടകത്തിന്റെ ലോകം തന്നെയാണ് എന്നെ നയിക്കുന്നത്. കേരളത്തിലായിരിക്കുമ്പോഴും പുറത്തായിരുന്നപ്പോഴും ഇവിടത്തെ പ്രാദേശികമായ നാടകപരീക്ഷണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നാടകാഭിനയവും സംവിധാനവും കുറേ സമയം ആവശ്യപ്പെടുന്നതും ഒരു സംഘകലയുമാണ്. എന്റെ സാഹചര്യം അതിനു പറ്റുന്നതായിരുന്നില്ല. ഇപ്പോള്‍ കേരളത്തിലെത്തിയ സാഹചര്യത്തില്‍ ഒരു പുതിയ പ്രോജക്ട് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതുടനെയുണ്ടാകും.>
മലയാളനാടക സ്ത്രീചരിത്രം. മലയാളത്തിലെ അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. എങ്ങനെയാണ് ഇങ്ങനെയൊരു ചരിത്രാഖ്യാനത്തിലേക്കെത്തിയത്?>
പതിനാല് വര്‍ഷത്തോളം ഞാന്‍ നടത്തിയ റിസര്‍ച്ച് വര്‍ക്കാണ് ആ പുസ്തകം. പല തലത്തിലുള്ള ഗവേഷണങ്ങളുടെ ആകെത്തുക. തിയേറ്ററില്‍ ജന്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നന്വേഷിക്കാനുള്ള ഒരു ശ്രമം. പക്ഷേ, ഇത്തരമൊരന്വേഷണത്തിന് എന്റെ മുന്നില്‍ ഒരു ബേസിക് ടെക്സ്റ്റ്പോലും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എഴുതിയ സ്മരണകളിലുള്ള ചില നടികളെക്കുറിച്ചുള്ള പരാമര്‍ശം മാത്രമായിരുന്നു. അന്വേഷിച്ചു തുടങ്ങിയപ്പോള്‍ ആ വലിയ പെണ്‍ലോകം എന്റെ മുമ്പിലെത്തി. എനിക്കുമുമ്പേയുള്ള നടികള്‍ ആരാണ്. അവര്‍ക്കുമുമ്പുള്ളവര്‍ ആരായിരുന്നു. എന്തുകൊണ്ടാണ് അവരെക്കുറിച്ച് ഒന്നും എഴുതാതിരുന്നത്? അങ്ങനെ ഞാന്‍ കേരളം മുഴുവന്‍ നടന്ന് കുറേയധികം നാടകപ്രവര്‍ത്തകരെ ഇന്റര്‍വ്യൂ ചെയ്ത് ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു. അവരുമായി വ്യക്തിപരമായി ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍നിന്ന് ഡെവലപ്പുചെയ്ത ഹിസ്റ്ററിയാണത്.>
മലയാള സ്ത്രീ നാടകചരിത്രം എന്നാണ് പലരും ഈ പുസ്തകത്തെ തെറ്റിദ്ധരിച്ചത്, സ്ത്രീ നാടകചരിത്രം?>
വേറൊരു ധാരയാണല്ലോ. അത് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുള്ള നാടകങ്ങളുടെ ചരിത്രമാണ്. എന്നാല്‍ ഇത് മലയാള നാടകസ്ത്രീ ചരിത്രമാണ്. അതില്‍ എവിടെയാണ് സ്ത്രീ പ്ളെയ്സ് ചെയ്യപ്പെട്ടത് എന്ന അന്വേഷണമാണ്. ഇപ്പോഴും ചിത്രങ്ങള്‍ പൂര്‍ണമല്ല. ഈ എഴുത്തിന് പല വഴികളാണ് ഞാന്‍ സ്വീകരിച്ചത്. പേഴ്സണല്‍ നറേറ്റീവ്സ്, ബയോഗ്രഫി, റിട്ടണ്‍ ഹിസ്റ്ററി അങ്ങനെയങ്ങനെ പലതും. പള്ളുരുത്തി ലക്ഷ്മിയും ഓച്ചിറ വേലുക്കുട്ടിയും പി കെ മേദിനിയും സുധര്‍മയും കെപിഎസി സുലോചനയും നിലമ്പൂര്‍ ആയിഷയും ശാന്താദേവിയും ഒക്കെ അവരുടെ സര്‍ഗാത്മക ജീവിതംകൊണ്ട് എന്നെ അന്ധാളിപ്പിച്ചവരാണ്. ഈ പുസ്തകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയുണ്ടായി.>
കോഴിക്കോടന്‍ ബിരിയാണി, കോഴിക്കോടന്‍ അലുവ, കോഴിക്കോടന്‍ ഭാഷ ഒക്കെപ്പോലെ കേരളത്തിന്റെ പൊതുപാരമ്പര്യങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കോഴിക്കോടന്‍ നാടകപാരമ്പര്യവുമില്ലേ?.>
= മലബാര്‍ കേന്ദ്ര കലാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കോഴിക്കോട് നാടകാവേശത്തിന്റെ നടുപന്തിയിലായിരുന്നു. കോഴിക്കോടിന് ആഴത്തില്‍ വേരുകളുള്ള ഒരു നാടകപാരമ്പര്യമുണ്ട്. അത് ചരിത്രത്തില്‍ അടയാളപ്പെടുത്താതെ ബാക്കി കിടക്കുകയുമാണ്. ഡോ. ശ്രീകുമാര്‍ അതിനായി ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.>
മലയാളസിനിമ സ്ത്രീ ചരിത്രവുമായി ബന്ധപ്പെട്ട് 'അവള്‍ വെള്ളിത്തിരയില്‍' എന്ന ഒരു ഫോട്ടോ പ്രദര്‍ശനം സജിത നടത്തിയിരുന്നല്ലോ?>
അത് ചെയ്യുമ്പോഴാണ് മനസ്സിലായത് സിനിമ എന്ന മാധ്യമത്തിലും സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ അവൈല്ബിള്‍ അല്ല. ഐഎഫ്എഫ്കെയിലാണ് ആദ്യം ഈ പ്രദര്‍ശനം നടത്തിയത്. ഈ പ്രദര്‍ശനം നടക്കുമ്പോള്‍ രസകരമായ അനുഭവമുണ്ടായി. മലയാളത്തിലെ പുതുതലമുറയിലെ ഒരു നടി 'എന്റെ ഫോട്ടോ എന്താണ് പ്രദര്‍ശിപ്പിക്കാത്തത്' എന്നു ചോദിച്ചു വഴക്കടിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു. 80 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ അവരും ഞാനുമൊക്കെ എന്ത് കോണ്‍ട്രിബ്യൂഷനാണ് നല്‍കിയിട്ടുള്ളത്. സിനിമാലോകത്ത് സ്ട്രഗ്ള്‍ ചെയ്താണ് സ്ത്രീകള്‍ തങ്ങളെ പ്ളെയിസ് ചെയ്തത്. അതേക്കുറിച്ചുള്ള രേഖകളൊന്നും മുഴുവന്‍ നമുക്ക് ലഭ്യമല്ല. എങ്കിലും കുറേയൊക്കെ സംഘടിപ്പിച്ച് പ്രദര്‍ശിപ്പിച്ചു. തൃശൂരും കോഴിക്കോട്ടും പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചരിത്രവുമായി ബന്ധപ്പെട്ടും ഒരു പുസ്തകം കൂടി ഇറക്കണമെന്ന് അക്കാദമി അന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല.>
കേരളത്തില്‍ വ്യത്യസ്തമായ പെണ്‍ നാടകവഴിയായി സജിത കണ്ടത്?.>
അക്കൂട്ടത്തില്‍ തൃശൂരിലെ ശ്രീജ ആറങ്ങോട്ടുകരയുടെ നാടകങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അവരുടെ നാടകത്തിന്റെ പ്രോസസ് എനിക്കു വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുടുംബത്തിന്റെയും നാടകസംഘത്തിന്റെയും ഒക്കെ വലിയ പിന്തുണയുണ്ട്. കൃഷിയും നാടകവും ജീവിതവുമൊക്കെച്ചേര്‍ന്ന് ഒരു ഗ്രൂപ്പ്, കൂട്ടായ്മയുടെ അപൂര്‍വമായ നാടകസംഘമായി മാറുന്നു. ശ്രീജക്ക് അവിടെ നിര്‍ണായകമായ പങ്കുവഹിക്കാനാവുന്നു.>
ഭാവി മലയാളിയെ നിര്‍ണയിക്കുന്നതില്‍ നാടകത്തിന്റെ പങ്ക് എന്തായിരിക്കും? >
വീട്ടിനകം നല്‍കുന്ന നാലു ചുമരിന്റെ സുരക്ഷിതത്വത്തില്‍, തന്റെ സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന ഫാസിസ്റ്റ് വിപത്തിനെ കണ്ടില്ലെന്നു നടിക്കാന്‍ അധികകാലം മലയാളിക്കാവുമെന്ന് തോന്നുന്നില്ല. അതിനോട് പ്രതികരിക്കാന്‍ അവര്‍ക്ക് കണ്ടെത്താവുന്ന മാധ്യമങ്ങളില്‍ നാടകത്തിന് വലിയ സ്ഥാനം തന്നെയുണ്ടാവും. ജാതിമതഭേദമന്യേ പ്രവര്‍ത്തിക്കാനുള്ള ഒരു സെക്യുലര്‍ സ്പേസുകൂടിയാണ് നാടകം. ഒരായിരം പ്രസംഗങ്ങളെക്കാള്‍, വലിയ റാലികളെക്കാള്‍ ഒരു നാടകത്തിന് സമൂഹത്തെ മാറ്റാനാവുമെന്ന് തെളിയിച്ചവരാണ് നമ്മുടെ മുന്‍തലമുറ. നമുക്ക് ആ നൊസ്റ്റാള്‍ജിയയില്‍ മാത്രം ജീവിക്കാന്‍ പറ്റില്ല. നമ്മുടെ, പുതിയ കാലത്തിന്റെ നാടകഭാഷ കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഒട്ടേറെ നാടകസംഘങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും പുതിയ ആവിഷ്കാരവുമായി എത്തുമെന്ന പ്രതീക്ഷയാണ് എനിക്ക്. ഈ കാലത്തിനോട് ശക്തമായി പ്രതികരിക്കുന്ന നാടകങ്ങള്‍, എന്നാല്‍ സര്‍ഗാത്മക ഭാഷയില്‍ ഇടപെടാനും കഴിയുന്നവ.> (ദേശാഭിമാനി വാരികയില്‍ നിന്ന്) Read more: https://www.deshabhimani.com/women/latest-news/508449

No comments:

Older Post Home