Posted On 10 Jul 2013By : T. K. P in Kerala Post
മുടിനീട്ടിവളര്‍ത്തിയ പെണ്ണുങ്ങളെ കാണുമ്പോള്‍ ചിലവ•ാരുടെ സൂക്കേടിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ദുലേഖയുടെ പരസ്യത്തിലെ നായികയെ ഓര്‍ക്കുന്നില്ലേ. പരസ്യം ചില്ലറ വിവാദം സൃഷ്ടിച്ചു എന്നത് നേര്. എങ്കിലും പരസ്യത്തില്‍ കാണുന്നപോലെ അത്ര പുരുഷ വിദ്വേഷിയൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍. മാസികയുടെ പ്രവര്‍ത്തകര്‍ ഇവരുമായി ദേശീയ സംഗീത നാടക അക്കാഡമിയിലെ അവരുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. മലയാളി സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ് സജിത മഠത്തില്‍ എന്ന ഈ ബഹുമുഖ പ്രതിഭ.
ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു കമ്പം. അത് പിന്നീട് ആക്ടിവിസത്തിന്റെ ഭാഗമായി നാടകത്തിന് വഴിമാറുകയാണുണ്ടായത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവു നാടകങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. തെരുവു നാടകങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുക. മലയാളം തിയേറ്റര്‍ രംഗത്ത് രണ്ടു പതിറ്റാണ്ടോളം നീണ്ട കലാ സപര്യയ്ക്ക് ഉടമയാണ് സജിത. കേരളത്തിലെ ആദ്യ വനിതാ തിയേറ്റര്‍ ഗ്രൂപ്പായ അഭിനേത്രിക്ക് രൂപം നല്‍കുന്നതില്‍ ഇവരുടെ പങ്ക് ഏറെ വലുതാണ്. നാടക രംഗത്തെ സ്ത്രീകളുടെ സാധ്യതകളും സാധുതകളുമാണ് അഭിനേത്രിയിലൂടെ പുറത്തു വന്നത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സമൂഹം മുന്‍വിധിയോടെയാണ് കാണുന്നതെന്ന അഭിപ്രായവും ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നു.
ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയിലെ അഭിനയം സജിതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഷട്ടറില്‍ തെരുവു വേശ്യയുടെ വേഷമായിരുന്നു ഇവര്‍ കൈകാര്യം ചെയ്തത്. നിയതമായ തെരുവു വേശ്യാ സങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ട് തികച്ചും വ്യത്യസ്ഥമായ ശരീരഭാഷയും അഭിനയ മികവുമാണ് സജിതയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പച്ചക്കുതിര, നിഴല്‍ കൂത്ത്, വീരഭദ്രന്‍, ഏകരൂപന്‍, ജാനകി, ആദിമദ്ധ്യാന്തം എന്നീ സിനിമകളിലും സജിത വിവിധ വേഷങ്ങള്‍ അഭിനയിച്ചു. നാടകം ഉള്ളിലെന്നും വലിയ അഭിനിവേശമായി കൊണ്ടു നടക്കുന്ന വ്യക്തിയാണിവര്‍. കള്‍ച്ചറല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് സ്ത്രീകള്‍ക്ക് ഏറെ ശോഭിക്കാനാകുമെന്നതിന് ഇവരുടെ പ്രവര്‍ത്തനം ഉദാഹരണമാണ്.
ദേശീയ സംഗീത നാടക അക്കാഡമിയില്‍ ഫോക് ആര്‍ട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയാണ് സജിത. രാജ്യത്തെ പാരമ്പര്യ ആദിവാസി കലാരൂപങ്ങളുടെ ഉന്നമനമാണ് ഫോക് ആര്‍ട്ട് ലക്ഷ്യമിടുന്നത്. ജോലിയുടെ ഭാഗമായിതന്നെ ഇന്ത്യ മുഴുവനും സഞ്ചരിക്കണം. പലപ്പോഴും ഇത്തരം യാത്രകള്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഇത്തരം മേഖലകളില്‍ എത്തിപ്പെടാനും അവിടുത്തെ കലാരൂപങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണീ യാത്രകള്‍. സിനിമാ നടിയെന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് ഇത് തടസ്സം സൃഷ്ടിക്കാറുണ്ട്. തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം സാമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യം സിനിമയില്‍ നിന്നുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും അപ്പുറമാണെന്ന് ഇവര്‍ പറയുന്നു. ഉള്ളുകൊണ്ട് സഖാവാകുമ്പോള്‍ അത്തരത്തില്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ജോലിയുടെ ഭാഗമായുള്ള യാത്രകളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ അനുഭവങ്ങളും അറിവുകളും നേടിത്തരുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോടുകാരിയായ സജിത കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വ്വകലാശാലയില്‍നിന്നാണ് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയത്. കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് തിയേറ്റര്‍ സ്റ്റഡീസില്‍ എം ഫില്‍ നേടിയ സജിത ഇപ്പോള്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴശ്‌സിറ്റിയില്‍ പി. എച്ച്. ഡി റിസര്‍ച്ച് സ്‌കോളറാണ്. കേരള ചലച്ചിത്ര അക്കാഡമിയിലും ഇവര്‍ കുറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ അക്കാഡമിയിലെ രാഷ്ട്രീയ കളികള്‍ മൂലം ഇവരുടെ സേവനം കേരളത്തിന് നഷ്ടമായെന്നുവേണം പറയാന്‍. അക്കാഡമി രാഷ്ട്രീയത്തില്‍ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലുകള്‍ സജിതയ്‌ക്കെതിരെ തിരിഞ്ഞു. ഇതോടെ ഇവര്‍ പുറത്തായി. എങ്കിലും കെ ബി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഇവര്‍ മറന്നില്ല. അക്കാഡമിയില്‍ ബീനാ പോളുമൊത്തുള്ള അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നും ആര്‍ജ്ജവത്തോടെ സജിത മനസ്സില്‍ സൂക്ഷിക്കുന്നു.
സജിത കൈരളി ടി വിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെണ്‍ മലയാളം എന്ന പരിപാടിയുടെ നിര്‍മ്മാതാവായിരുന്നു. അരങ്ങിന്റെ വകഭേദങ്ങള്‍, മലയാള നാടക സ്ത്രീ ചരിതം, എം കെ കമലം, എന്നി പുസ്തകങ്ങളും ഇവരുടെ തൂലികയില്‍ വിരിഞ്ഞ ചിന്തകളാണ്. കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തിനൊപ്പം അനുഷ്ഠാന കലകളില്‍ വരുത്തിയ മാറ്റങ്ങളാണ് ഇപ്പോള്‍ ഇവരുടെ ചിന്തകളെ അലട്ടുന്നത്.
ഇടതുപക്ഷ ഇടപെടലുകളോടെ ജാതി-വര്‍ഗ്ഗ അടിസ്ഥാനത്തിലുള്ള സാമൂഹ്യ ചിന്തയില്‍ മാറ്റങ്ങള്‍ വന്നതോടെ ദളിത് വിഭാഗങ്ങളുടെ കലാരൂപമായ മുടിയാട്ടം 1950കളോടെ അവസാനിച്ചെങ്കിലും എഴുപതുകളോടെ സ്ത്രീകളുടെ കഥകളി സംഘവും ഒപ്പം 90കളോടെ മുടിയാട്ടം പോലുള്ള ജാതീയമായ കലകളുടെ മടങ്ങി വരവിനും കാലം സാക്ഷിയായി. ഇത് സംബന്ധിച്ച പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണിവര്‍. ഇതിനു പുറമെ കുടുംബശ്രീ പോലുള്ള പുതിയ വനിതാ മുന്നേറ്റങ്ങള്‍ 15 ചെണ്ടകള്‍ ഉപയോഗിച്ചുള്ള ശിങ്കാരി മേളത്തിന്റെ 45 ഗ്രൂപ്പുകള്‍ രൂപീകരിച്ചതും ഈ പഠനത്തില്‍ ഉള്‍പ്പെടുന്നു. സ്ത്രീപക്ഷത്തു നില്‍ക്കുമ്പോഴും കലയിലെ സ്ത്രീ പക്ഷത്തെ മനസ്സിലൊളിപ്പിച്ച ആക്ടിവിസ്റ്റായ കലാകാരിയും ചരിത്രാന്വേഷിയും ഒക്കെയായി ഇവര്‍ വേഷപ്പകര്‍ച്ച നടത്തുന്നു. കലയിലെ മാറ്റങ്ങള്‍ കാലികമാണെന്നും അത് എന്നും മുന്നോട്ടു പോകുമെന്നും സജിത ഉദാഹരണങ്ങള്‍ നിരത്തുന്നു.
നാടകം വേണോ ശ്വാസം വേണോ എന്ന് കടുപ്പിച്ച് ചോദിച്ചാല്‍ സജിത തിരഞ്ഞെടുക്കുക നാടകത്തെയാകും. തിയറ്ററിനെ ഇത്രയധികം നെഞ്ചേറ്റിയ കലാകാരികള്‍ ചുരുക്കം. ജീവിക്കാന്‍ വരുമാനം വേണം അതിനാണ് ജോലി. തിയറ്ററാകട്ടെ എനിക്ക് എല്ലാമെല്ലാമാണ്. സിനിമകളില്‍ വന്നുപെടുന്നതും വേഷപ്പകര്‍ച്ചകളും തന്ന അംഗീകാരം വിസ്മരിക്കുന്നില്ല. ജോലി, തിയറ്റര്‍, സിനിമ എല്ലാം കൂടി ഒത്തൊരുമിപ്പിക്കാന്‍ വാച്ചില്‍ സമയം തികയാറില്ലെന്നത് നേരാണ്. പക്ഷെ എല്ലാം ഏരോ തരത്തില്‍ എനിക്ക് അഭിനിവേശവും. ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ പൂകാന്‍ എനിക്കാകുന്നില്ലെന്നത് വലിയ വാസ്തവം. ഞാനിതിനിടയിലെവിടെയോ ആണ്. ഇതിനിടയില്‍ ഭാര്യയും അമ്മയും.
കുറെ ദിവസത്തെ അവധിക്കൊടുവില്‍ ഓഫീസിലെത്തിയപ്പോഴാണ് കേരളാ പോസ്റ്റ് പ്രവര്‍ത്തകര്‍ അവരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഫോക് ആര്‍ട്ടിന്റെ ഗ്രാന്റുകള്‍ നല്‍കാനുള്ള മീറ്റിംഗ് ഉച്ചയോടെ ഉണ്ട് അതിന് മുമ്പ് ലഭിച്ച അപേക്ഷകള്‍ വിശദമായി പരിശോധിക്കണം. ശേഷം വേണം മീറ്റിംഗില്‍ അവതരിപ്പിച്ച് അംഗീകാരം നേടാന്‍. മീറ്റിംഗ് അവസാനിക്കും മുമ്പേ അവര്‍ക്കൊരു ഫോണ്‍ വന്നു. മകന് പനിയാണെന്നായിരുന്നു ഫോണിലെ സന്ദേശം. പനി സാധാരണയാണോ, അതോ മറ്റ് എന്തെങ്കിലും വിധത്തിലുള്ളതാണോ, ആകുലതകള്‍ അലട്ടുന്ന ഒരു അമ്മ മനസ്സിനെ പിടിച്ചു നില്‍ത്താനാകാതെ ഞങ്ങള്‍ പിന്‍വാങ്ങി. ആര്‍ദ്രതയുള്ള ഒരു സാമൂഹ്യ സ്‌നേഹിക്കൊപ്പം വാത്സല്യം തുളുമ്പുന്ന ഒരമ്മയ്ക്കു മുന്നില്‍.
നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസാണ് ഭര്‍ത്താവ്. മകന്‍ ആരോമല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി