Monday, June 9, 2008
വിജയ് ടെണ്ടുല്‍ക്കര്‍ : മറാത്തി അരങ്ങിലെ സത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍
ഇന്ത്യന്‍ ആധുനികനാടകവേദിക്ക് പുതിയഭാവവും രൂപവും നല്കുന്നതില് നിര്‍ണ്ണായകമായ പങ്കുവഹിച്ച നാടകകൃത്തായിരുന്നു വിജയ് ടെണ്ടുല്‍ക്കര്‍. അദ്ദേഹത്തിന്റെ പേര് ഇന്ത്യയിലെ ഏത് പ്രാദേശികനാടകക്കാരെയും പോലെ മലയാളിയ്ക്കും സുപരിചിതമാണ്. അദ്ദേഹത്തിന്റെ ശാന്തത! കോര്‍ട്ട് ചാലൂ ആഹെ (1968), സഖാറാം ബൈന്റര്‍ (1972), ഘാസിറാം കോത്വാള്‍ (1973), കമല (1982) തുടങ്ങി പല നാടകങ്ങളും നമ്മുടെ നാടകവേദിയില്‍ ചെറുതും വലുതുമായ നാടകസംഘങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കല്‍ക്കത്തയിലും ജയ്പൂരിലും ഭോപ്പാലിലും അമൃതസറിലും എന്നു വേണ്ട ഇന്ത്യയിലെ ഏതു പ്രാദേശികനാടകക്കൂട്ടായ്മകളിലും ഈ നാടകങ്ങളുടെ രംഗാവതരണം ഒഴിവാക്കാനായിട്ടില്ല. അങ്ങനെ വിജയ് ടെണ്ടുല്‍ക്കറുടെ രചനകളും അവയുടെ രംഗപാഠങ്ങളും പലഭാഷകള്‍ ചേര്‍ന്ന പല സംസ്കാരങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യന്‍നാടകവേദിയുടെ കൂട്ടായ്മയായി മാറി. 1955ല്‍ ആരംഭിച്ച സര്‍ഗ്ഗാത്മകരചനകളുടെ സംഘര്‍ഷഭരിതമായ പാഠങ്ങള്‍ നമ്മുക്ക് സമ്മാനിച്ചുകൊണ്ട് മെയ്മാസത്തെ ചൂടിനെ ഒന്നുകൂടി ആളിക്കത്തിച്ചുകൊണ്ട് നമ്മെ വിട്ടു പോയി.
ഗുമസ്തനായ അച്ഛന്റെ മകനായി 1928ലാണ് മഹാരാഷ്ട്രയില്‍ അദ്ദേഹം ജനിച്ചത്. അച്ഛന് സ്വന്തമായ ഒരു അച്ചടിശാലയുണ്ടായിരുന്നു. ആറാമത്തെ വയസ്സില്‍ ടെണ്ടുല്‍ക്കര്‍ കഥയെഴുതി, പതിനൊന്നാം വയസ്സില്‍ ആദ്യനാടകം സംവിധാനം ചെയ്ത് അഭിനയിച്ചു. പതിനാലാം വയസ്സില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേക്കാലം കഷ്ടപ്പാടിന്റേതായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: `` ഞാന്‍ ജീവിതത്തിന്റെ ക്രൂരമായ വഴികള്‍ കണ്ടിട്ടുണ്ട്. അവയെന്റെ കണ്ണു തുറപ്പിച്ചു. എന്റെ നാടകങ്ങള്‍ ഞാന്‍ കണ്ട ജീവിതത്തിന്റെ ആകെത്തുകയാണ് ... എന്റെ എഴുത്ത് സ്വാഭാവികമായതാണ്. ഞാനൊന്നും ന്യായീകരിക്കാനായി എഴുതാറില്ല; വിശ്വസിപ്പിക്കാനും.''
പത്രത്തിലെഴുതിയാണ് അദ്ദേഹം എഴുത്തുജീവിതം ആരംഭിക്കുന്നത്. പിന്നീട് പലപല ജോലികളും മാറിമാറി ചെയ്തു. ആ ജീവിതാനുഭവങ്ങള്‍ തന്റെ സര്‍ഗ്ഗാത്മകജീവിതത്തിനുള്ള ഗൃഹപാഠമാണെന്ന് അദ്ദേഹം കരുതി. വിജയ് ടെണ്ടുല്‍ക്കറുടെ ജീവിതാവസ്ഥയെ അന്നത്തെ സാമൂഹിക-രാഷ്ട്രീയ അവസ്ഥകളിലേക്ക് ചേര്‍ത്തുവെക്കുമ്പോഴേ അദ്ദേഹത്തിന്റെ നാടകരചനകളെ മാനസ്സിലാക്കാനും വിലയിരുത്താനും സാധിക്കൂ.
നാടകസാഹിത്യത്തിലും രംഗാവതരണത്തിലും ഇന്ത്യന്‍നാടകവേദിയുടെ ആധുനികമുഖം രൂപപ്പെടുന്നത് 1960 - 70 കാലത്താണ്. ടെണ്ടുല്‍ക്കറുടെ പ്രധാനപ്പെട്ട രചനകള്‍ എഴുതിയതും ഇക്കാലത്താണ്. കര്‍ണ്ണാടകയില്‍ ഗിരീഷ് കര്‍ണ്ണാടും ചന്ദ്രശേഖര കമ്പാറും കല്‍ക്കത്തയില്‍ ബാദല്‍ സര്‍ക്കാറും ഉല്പല്‍ദത്തും മദ്ധ്യപ്രദേശില്‍ ഹബീബ് തന്‍വീറും മണിപ്പൂരില്‍ രത്തന്‍ തിയ്യവും ഹിന്ദി നാടകവേദിയില്‍ സംവിധായകരായ ശ്യാമനാഥ് ജലാലും സത്യദേവ് ദൂബേയും ഗുജറാത്തില്‍ പ്രവീണ്‍ ജോഷിയും എന്നിങ്ങനെ നിരവധി നാടകപ്രവര്‍ത്തകര്‍ ഇന്ത്യന്‍നാടകവേദിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാലമാണ് അത്. ഇത്തരം ഒരു ചലനവും ഉണര്‍വ്വും നാടകവേദിയില്‍ ഉണ്ടായതിന് അന്നത്തെ രാഷ്ട്രീയ-സാമൂഹികസാഹചര്യങ്ങള്‍ ഒട്ടേറെ പങ്ക് വഹിച്ചു. നാടകവേദിയെ സജീവമാക്കാനും നിര്‍ജ്ജീവമാക്കാനും സാമൂഹിക-രാഷ്ട്രീയസാഹചര്യങ്ങള്‍ എത്രമാത്രം പങ്കു വഹിക്കുന്നു എന്നതിനുള്ള പ്രത്യക്ഷോദാഹരണം കൂടിയാണ് ഇത്.
മൂന്നു വര്‍ഷത്തില്‍ രണ്ട് യുദ്ധങ്ങള്‍ക്ക് ഇന്ത്യന്‍ജനത സാക്ഷിയായി. 1962ലെ ചൈനായുദ്ധവും 1965ലെ പാക്കിസ്ഥാന് യുദ്ധവും ഇന്ത്യയിലെ സാധാരണമനുഷ്യന്റെ ജീവിതസാഹചര്യങ്ങള്‍ അതിഭീകരമായ ദുരന്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു. 1966ല്‍ ഇന്ത്യന്‍ഗ്രാമങ്ങള്‍ ഭക്ഷണക്ഷാമത്തിന്റെ പിടിയിലായി. ആയിരക്കണക്കിനാളുകള്‍ മരിച്ചുവീണു. ഈ മനുഷ്യാവസ്ഥയുടെ അസ്വസ്ഥതകള്‍ സമരങ്ങളുടെ രൂപം കൈക്കൊള്ളുന്നതും നക്സല്‍പ്രസ്ഥാനവും തുല്യാവകാശത്തിനായുള്ള ദലിതരുടെ സമരങ്ങളും ശക്തമാകുന്നതും ഇക്കാലത്തു തന്നെയാണ്. ഭരണരാഷ്ട്രീയത്തിന്റെ മൂല്യച്യുതി കണ്ടുതുടങ്ങുന്നതും ഇതേ സമയത്താണ്. സാംസ്കാരികരംഗത്തെ അടിമുടി മാറ്റിത്തീര്‍ക്കുന്നതിന് ഈ രാഷ്ട്രീയസാമൂഹികസാഹചര്യങ്ങള്‍ കാരണമായി. ഇവയെല്ലാം ടെണ്ടുല്‍ക്കറുടെ രചനകളിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. കഴുകന് (1971), സഖാറാം ബൈന്റര്‍ (1972), ഘാസിറാം ഖോത്വാള്‍ (1973) തുടങ്ങി ഒട്ടേറെ അറിയപ്പെട്ട നാടകങ്ങള്‍ രാഷ്ട്രീയമായ ഒട്ടേറെ ചര്‍ച്ചകള്‍ക്കും പോലീസ് സെന്‍സറിങ്ങിനും വിധേയമായിട്ടുണ്ട്.
വിജയ് ടെണ്ടുല്‍ക്കര്‍ എഴുത്തിന്റെ പല സാദ്ധ്യതകള്‍ ഉപയോഗിച്ചു. 27 സമ്പൂര്‍ണ്ണനാടകങ്ങള്‍, 25 ഏകാങ്കങ്ങള്‍, സിനിമാതിരക്കഥകള്‍, ടെലിവിഷന്‍ സീരിയലുകള്‍ തുടങ്ങി അദ്ദേഹം കൈവെക്കാത്ത എഴുത്തിന്റെ മണ്ഡലങ്ങള്‍ കുറവാണ്. അദ്ദേഹം എഴുതിയ തിരക്കഥകളില്‍ 1981ലെ ഉംബര്‍താ (Umbartha) ഇന്ത്യന്‍സ്ത്രീയുടെ സാമൂഹിക ഇടപെടലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സ്മിതാ പാട്ടീലും ഗിരീഷ് കര്‍ണ്ണാടുമൊക്കെ തങ്ങളുടെ അഭിനയംകൊണ്ട് ഈ തിരക്കഥ മികവുള്ളതാക്കി. അദ്ദേഹത്തിന്റെ അര്‍ദ്ധസത്യ എന്ന സിനിമയും ശക്തമായ കഥപറച്ചിലിലൂടെ സിനിമാചരിത്രത്തില്‍ എഴുതപ്പെട്ടു. ഒട്ടനവധി മേഖലകളില്‍ തന്റെ സാന്നിദ്ധ്യം അദ്ദേഹം അറിയിച്ചുവെങ്കിലും നാടകത്തെ അദ്ദേഹം നെഞ്ചോട് കൂടുതല്‍ ചേര്‍ത്തുപിടിച്ചു.
അദ്ദേഹം നാടകം എഴുതിത്തുടങ്ങിയ 1955ല്‍ മറാഠി നാടകവേദി ഒരു സംഘര്‍ഷത്തിലൂടെ കടന്നുപോവുകയായിരുന്നു. സംഗീതനാടകങ്ങള്‍ അവര്‍ക്ക് ചെടിച്ചു തുടങ്ങിയിരുന്നു. രംഗേക്കറും മാമാ വരേക്കറും സൃഷ്ടിച്ച നാടകഭാഷയും പുതുമ നഷ്ടപ്പെട്ട് പുതിയ മറ്റൊന്നിനെ തേടുന്ന കാലത്താണ് തന്റെ നാടകങ്ങളുമായി വിജയ് ടെണ്ടുല്‍ക്കര്‍ രംഗപ്രവേശം ചെയ്യുന്നത്. കഥപറച്ചിലിന്റെ യുക്തിക്കപ്പുറം കഥാസന്ദര്‍ഭങ്ങളുടെ നാടകീയതയ്ക്കാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. ഗുരുഹസ്ത എന്ന തന്റെ ആദ്യനാടകത്തിനു ശേഷം അദ്ദേഹം എഴുതിയ സീമന്ത് (1955) ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട നാടകമാണ്. അവിവാഹിതയായ ഒരു അമ്മയുടെ കഥ പറയുന്ന ഈ നാടകം സമൂഹത്തിന്റെ ചട്ടക്കൂടുകളെ എതിക്കുന്നു. ഈ കഥ മനുഷ്യബന്ധങ്ങളുടെ സ്വാര്‍ത്ഥമായ സ്വന്തമാക്കലിന്റേയും കുടുംബത്തിന്റെ അടിച്ചമര്‍ത്തല്‍ സ്വഭാവത്തേയും ചിത്രീകരിക്കുന്നു. മനുഷ്യബന്ധത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ ഇഴപിരിച്ച് കാണിക്കുവാന്‍ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. ലോകത്തെ ഏതു വിഷയത്തിലും ഒരു നാടകം ഒളിച്ചിരിക്കുന്നവെന്ന് അദ്ദേഹം കരുതി. ഇത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് അവിവാഹിതയായ ഒരമ്മയുടേയും അവള്‍ക്ക് ഭര്‍ത്താവിനെ വാങ്ങിക്കാന്‍ ശ്രമിക്കുന്ന പിതാവിന്റേയും സംഘര്‍ഷഭരിതമായ നാടകം മറാഠിനാടകവേദിയില്‍ ഒരു പുതിയ കാലത്തെകുറിച്ചു. സ്ത്രീശരീരത്തെ, സ്വന്തം ശരീരത്തിലുള്ള അവകാശത്തെ, സാമൂഹികമുല്യങ്ങളെ, എല്ലാം വിശദമായ ചര്‍ച്ചയ്ക്ക് കൊണ്ടുവരുവാന്‍ ഈ നാടകത്തിനായി. ഏക് ഹാത്തി മുല്‍ഗി (1967) എന്ന നാടകവും കുടുംബത്തിന്റെ കഥ പറയുന്നു. എന്നാല്‍ ഒരു കുടുംബത്തിന്റെ കഥയിലൂടെ അന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം കൂടിയാണ് അദ്ദേഹം വരച്ചത്. ജീവിതാവസ്ഥകളോട് മല്ലിട്ട് തളര്ന്നുനില്ക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ നാടകങ്ങളില്‍ എപ്പോഴും പ്രത്യക്ഷപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാടകങ്ങളില്‍ കുടുംബം, അതിനകത്തെ സ്ത്രീപുരുഷബന്ധങ്ങള്‍, സ്ത്രീയുടെ സ്ഥാനം, സമൂഹം നിര്‍ണ്ണയിച്ച പ്രവര്‍ത്തിവിഭജനവും മുല്യങ്ങളും, ലൈംഗികതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇതെല്ലാം സംഘര്‍ഷങ്ങളായി മാറുന്നുണ്ട്. ടെണ്ടുല്‍ക്കറുടെ ബേബി (1975) ഒരു മോശപ്പെട്ട വ്യക്തിയാല്‍ ചൂഷണം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്നു. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ നാടകം അവസാനിക്കുന്നത് സ്ത്രീകഥാപാത്രം അതേ അവസ്ഥയില്‍ യാതൊരു മാറ്റവുമില്ലാതെ നിന്നുകൊണ്ടാണ്. കഴുകന് (1971) എന്ന നാടകം മറാത്തിയില്‍ അവതരിപ്പിക്കാന്‍ പോലീസിന്റെ ഇടപെടല്‍ മൂലം സാധിക്കാതെ വന്ന് ഹിന്ദിയിലാണ് ആദ്യമായി രംഗത്ത് അവതരിപ്പിക്കുന്നത്. നന്മയുള്ള, എന്നാല്‍ കെല്പില്ലാത്ത മനുഷ്യര്‍ക്കു മീതെ തിന്മ നിറഞ്ഞ ശക്തരായ മനുഷ്യര്‍ ആധിപത്യം സ്ഥാപിക്കുന്നു. ഇവിടെ, സ്ത്രീ, സഹനത്തിന്റേയും മനുഷ്യത്വത്തിന്റേയും പ്രതീകമാണ്. തങ്ങളുടെ അവസ്ഥാവിശേഷങ്ങളില്‍ മല്ലിട്ട് തോല്‍ക്കുന്നവര്‍.
കമല (1982) ഒരു സംഭവകഥയെ അടിസ്ഥാനമാക്കി എഴുതപ്പെട്ട നാടകമാണ്. മാംസക്കച്ചവടത്തിന് എല്ലാ കാലത്തും പോലീസും രാഷ്ട്രീയക്കാരും തമ്മില്‍ അവിഹിതമായ ബന്ധമുണ്ട്. ഇതു വെളിവാക്കാനായി ഒരു പത്രപ്രവര്ത്തകന് കമലയുടെ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇവിടെ കമലയുടെ അവസ്ഥ നാടകാവസാനത്തില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. സ്ത്രീ പ്രധാനകഥാപാത്രമായി വരുന്ന ഒട്ടേറെ നാടകങ്ങള്‍ ടെണ്ടുല്‍ക്കര്‍ രചിക്കുകയുണ്ടായി ശക്തരായ കഥാപാത്രങ്ങള്‍; പക്ഷെ ജീവിതത്തിനോട് മല്ലിട്ട് തളരുന്നവര്‍. ടെണ്ടുല്‍ക്കറുടെ നാടകങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ തങ്ങളുടെ പരിസരങ്ങളോട് നിരന്തരസംഘര്‍ഷത്തിലേര്‍പ്പെടുന്നുവെങ്കിലും അവയില്‍ നിന്നൊരിക്കലും രക്ഷപ്പെടാനാവാതെ നിസ്സഹായരായി ജീവിക്കുന്നവരാണ് എന്നു കാണാവുന്നതാണ്.
മറാഠിനാടകവേദിക്ക് വ്യത്യസ്തമായ മുഖം നല്കാന് ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങള്‍ പരീക്ഷണാത്മകമായി രംഗായന എന്ന നാടസംഘം അവതരിപ്പിച്ചു. ഈ നാടകങ്ങള്‍ ഇന്ത്യന്‍ നാടകത്തിന്റെ സൗന്ദര്യശാസ്ത്രത്തെ തന്നെ മാറ്റിത്തീര്‍ക്കുകയും ചെയ്തു. വയലന്‍സിനെ ഇത്രത്തോളം സൂക്ഷ്മമായി ചിത്രീകരിച്ച മറ്റൊരു നാടകകൃത്ത് ഉണ്ടായിരിക്കില്ല. കുടുംബം, ലെംഗികത, ജാതിഭേദങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവയിലെല്ലാം അന്തര്‍ലീനമായ വയലന്‍സിന്റെ അംശങ്ങള്‍ അദ്ദേഹം നാടകത്തില്‍ എഴുതിച്ചേര്‍ത്തു. 1972ല്‍ എഴുതിയ സഖാറാം ബൈന്റര്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഘാസിറാം ഖോത്ത്വാള്‍ എന്ന നാടകത്തില്‍ ഇവയ്ക്കൊപ്പം രൂപപരമായ ഒരു പരീക്ഷണം കൂടി അദ്ദേഹം വിജയകരമായി നിര്‍വ്വഹിക്കുകയുണ്ടായി. ഇന്ത്യന്‍ നാടകരചനയിലും സംവിധാനശൈലിയിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമായിരുന്നു അത്. ഷായുടേയും ഇബ്സന്റെയും പിരാന്തല്ലോയുടേയും രചനകള്‍, സ്റ്റാന്‍സ്ലാവ്സ്കിയുടെ നാടകചിന്തകള്‍ എന്നിവ പിന്തള്ളിക്കൊണ്ട് ബെക്കെറ്റും അയനെസ്കോവും ബ്രെഹ്തും നമ്മുടെ നാടകവേദിയെ സ്വാധീനിക്കുന്നത് ഈ സമയത്താണ്. പുതിയകാല നാടകകൃത്തുക്കളും സംവിധായകരും ഇന്ത്യന്‍ പുരാണങ്ങളും ചരിത്രവും നാടോടിസംസ്കാരവും നാടകവേദിയുമായി ബന്ധിപ്പിക്കുന്നത് ഈ പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ സ്വാധീനത്തിലാവാം. പഴയകാലങ്ങളിലേക്കുള്ള ഒരു എത്തിനോട്ടവും പുതിയ സാംസ്കാരികാവസ്ഥകളെ അവയുടെ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുകയുമാണ് ഈ നാടകങ്ങള്‍ പ്രധാനമായും ചെയ്യുന്നത്. ഗിരീഷ് കര്‍ണ്ണാടിന്റെ തുഗ്ലക്ക് (1964), ഉല്പല് ദത്തിന്റെ ടിനര്‍ തല്‍വാര്‍ (1971), വിജയ് ടെണ്ടുല്‍ക്കറുടെ ഘാസിറാം ഖോത്ത്വാള്‍ (1973) തുടങ്ങിയവ ഇക്കാലത്ത് എഴുതപ്പെട്ടവയാണ്.
മറാത്തി നാടകവേദിയിലെ പഴയ സംഗീതനാടകശൈലിയെ അനുസ്മരിപ്പിക്കുന്ന ഈ നാടകത്തിന്റെ കേന്ദ്രകഥാതന്തു പതിനെട്ടാം നൂറ്റാണ്ടിലെ പേഷ്വാ ഭരണകാലത്തെ അഴിമതിയും സവര്‍ണ്ണമേധാവിത്വവുമായിരുന്നു. 1980കളില്‍ ജബ്ബാര്‍ പട്ടേല്‍ ഈ നാടകം സംവിധാനം ചെയ്തപ്പോള്‍ ശിവസേനയുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പ് ഈ നാടകത്തിന്റെ രാഷ്ട്രീയമായ ചോദ്യം ചെയ്യലുകള്‍ വെളിവാക്കുന്നതു കൂടിയാണ്.
നമ്മുടെ എഴുത്ത് നമ്മുടെ കാഴ്ചയാണെന്നും തന്റെ അനുഭവങ്ങള്‍ തനിക്ക് എഴുതാന്‍ കെല്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വന്തം അനുഭവങ്ങളെ എഴുത്തില്‍ നിന്നു മാറ്റി നിറുത്തി കാണുമ്പോള്‍, കൂടുതല്‍ സത്യസന്ധമായ അന്വേഷണങ്ങള്‍ ആ അനുഭവങ്ങളെ ശക്തമായ രചനകളാക്കി മാറ്റും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നാടകവേദിയെ സമകാലീനരാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയ, അതില്‍ വിജയിച്ച ഒരു തലമുറയിലെ മറ്റൊരു കണ്ണികൂടി നമ്മെ വിട്ടുപോയിരിക്കുന്നു. ഇന്ത്യന്‍ നാടകവേദിക്ക് ഇതില്‍ ദു:ഖിക്കാതിരിക്കാനാവില്ല
See this link
http://www.chintha.com/node/3170
Subscribe to:
Post Comments (Atom)
2 comments:
ബൂലോഗത്തേക്ക് സ്വാഗതം. ഇന്ത്യൻ നാടക രംഗത്തെ അതുല്യ പ്രതിഭയായിരുന്ന വിജയ് ടെണ്ടൽക്കറെ പരിചയപ്പെടുത്തിയത് നന്നായിരിക്കുന്നു. നാടക രംഗത്തെ മറ്റ് പ്രതിഭകളെക്കൂടി ബ്ലോഗിലൂടെ പരിചയപ്പെടുത്തൂ.
മത്സ്യഗന്ധി കണ്ടു,നല്ല തിരയിളക്കം.വീണ്ടും കാണാം.ബെസ്റ്റ് വിഷസ്.
Post a Comment