Thursday, July 3, 2008

'പ്രവാചക' പ്രവചിക്കുന്നത്‌

Photos By Sajitha Madathil

ഗ്രീക്ക്‌ മിത്തുകളിലെ 'കസാന്‍ട്ര'യുടെ പുനര്‍ജനിയായ
'പ്രവാചക' നാടകത്തിലൂടെ കേരളത്തിലെ
സ്‌ത്രീനാടക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയാണ്‌
പ്രശസ്‌ത നാടകപ്രവര്‍ത്തക കൂടിയായ ലേഖികപ്രവാചകയുടെ പ്രവചനങ്ങള്‍ അസ്വസ്ഥപ്പെടുത്തിയ ഒരു സമൂഹം അവളെ ഭ്രാന്തിയെന്നു വിളിച്ചു. തെരുവില്‍ തള്ളി. തന്റെ സമൂഹത്തെ ഒന്നടങ്കം തകര്‍ക്കാന്‍ പോകുന്ന ദുരിതം അവള്‍ കണ്‍മുമ്പില്‍ കാണുന്നുണ്ടായിരുന്നു. ഒരു സമൂഹത്തിന്റെ ആര്‍ത്തമായ കരച്ചിലുകള്‍ അവളുടെ ചെവിയില്‍ പതിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആരും അത്‌ ചെവിക്കൊണ്ടില്ല. ഒരു സ്‌ത്രീയുടെ ഉള്‍ക്കാഴ്‌ചയെ താങ്ങാനാവാതെ നിഷേധങ്ങളുടെ, കുത്തുവാക്കുകളുടെ, കാര്‍ക്കിച്ചു തുപ്പലുകളുടെ പരിചയെടുത്തണിഞ്ഞ്‌ പുരുഷ സമൂഹം ഒരു കുലത്തെ കണ്ണീരിന്റെ ആഴിയിലേക്ക്‌ എടുത്തെറിഞ്ഞു. ഈ പ്രവാചക ഗ്രീക്ക്‌ മിത്തുകളിലെ 'കസാന്‍ട്രയുടെ' പുനര്‍ജനിയാണ്‌. അവള്‍ ഗ്രീക്കു നാടക കഥാപാത്രത്തില്‍ നിന്നു വ്യത്യസ്‌തമാകുന്നത്‌ അവള്‍ പുനര്‍ജനിച്ചത്‌ സ്‌ത്രീകളുടെ കൈയില്‍ നിന്നായതുകൊണ്ടാണ്‌. ഈ നാടകത്തില്‍ 'കസാന്‍ട്ര' പ്രാന്തവത്‌ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുന്നു. 'നിരീക്ഷ' എന്ന സ്‌ത്രീ നാടകസംഘം അവതരിപ്പിച്ച 'പ്രവാചക' നാടകം എഴുതിയത്‌ രാജേശ്വരിയാണ്‌. കേരളത്തിലെ സ്‌ത്രീ നാടക വേദിയില്‍ എക്കാലത്തും സ്‌മരിക്കപ്പെടുന്ന ഈ പ്രവാചകയെ സംവിധാനം ചെയ്‌ത്‌ രംഗത്തെത്തിച്ചത്‌ 'സുധി'യാണ്‌. പുതിയ തലമുറയിലെ കഴിവുറ്റ നടികളുടെ കൂട്ടായ്‌മയില്‍ പ്രവാചകയും മറ്റു കഥാപാത്രങ്ങളും മിഴവുറ്റതായി മാറുകയായിരുന്നു. ഗ്രീക്ക്‌ നാടകങ്ങളും അവയിലെ കഥാപാത്രങ്ങളും ഒട്ടേറെ പുനര്‍വായനയ്‌ക്ക്‌ കാലാകാലങ്ങളില്‍ വിധേയമായിട്ടുണ്ട്‌. മലയാള നാടകവേദിയില്‍ ഇത്തരമൊരു പരീക്ഷണം ഒരു പക്ഷേ ആദ്യമായാവും. ഒരു പുരുഷ മേല്‍ക്കോയ്‌മാ സമൂഹത്തിനകത്ത്‌ പിറവികൊണ്ട ഒരു കഥാപാത്രത്തെ ഇന്നത്തെ തലമുറയിലെ സ്‌ത്രീകള്‍ പുനര്‍വായിക്കുമ്പോള്‍ കാലങ്ങളും ദേശങ്ങളും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെന്നു കാണാം.
മിത്തുകളും പുരാണങ്ങളും നാടോടിക്കഥകളും നമ്മുടെ മനസ്സില്‍ ആഴത്തില്‍ ചലനങ്ങളുണ്ടാക്കുന്നവയാണ്‌. ഇവയിലെല്ലാം ആ സമൂഹത്തിന്റെ അനുശീലനരീതിയും അടങ്ങിയിരിക്കുന്നു. ഒരു ആണ്‍കോയ്‌മാ ഘടനയ്‌ക്കകത്തു രൂപം കൊണ്ട ക്ലാസിക്കല്‍ നാടകങ്ങളിലെ ലിംഗബോധത്തെക്കുറിച്ച്‌ ഒട്ടേറെ സ്‌ത്രീപക്ഷ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പുതിയ സാംസ്‌കാരിക പരിസരങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നാടകങ്ങളിലെ സ്‌ത്രീകഥാപാത്രങ്ങളെയും ചിലപ്പോള്‍ നാടകങ്ങളെത്തന്നെയും സ്‌ത്രീ നാടകപ്രവര്‍ത്തകര്‍ പുനഃസൃഷ്‌ടിക്കാറുമുണ്ട്‌. സ്‌ത്രീ നാടകവേദിയെ സംബന്ധിച്ചിടത്തോളം ഇതു രാഷ്ട്രീയമായ ഇടപെടല്‍ കൂടിയാണ്‌. ഈ ഇടപെടലുകള്‍ നാടകകൃതിയില്‍ മാത്രമല്ല, പുരുഷകേന്ദ്രീകൃതമായ ഈ മാധ്യമത്തിന്റെ രംഗഭാഷയിലും ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്‌ടിച്ചു. സ്‌ത്രീവേഷം കെട്ടിയ നടന്മാര്‍ രൂപപ്പെടുത്തിയ ക്ലാസിക്കല്‍ നാടക പാരമ്പര്യത്തെ, അതിന്റെ ദൃശ്യഭാഷയെ തകര്‍ക്കുന്നതിലൂടെ, പുതിയൊരു രംഗഭാഷയ്‌ക്ക്‌ അവര്‍ തുടക്കം കുറിക്കുകയായിരുന്നു.
അനുരാധാ കപൂര്‍ സംവിധാനം ചെയ്‌ത 'ആന്റിഗണി' ഇത്തരമൊരു ശ്രമത്തിന്റെ അടുത്തകാലത്തുണ്ടായ ഉദാഹരണമാണ്‌. മല്ലികാ സാരാഭായി അവതരിപ്പിച്ച 'സീതയുടെ പെണ്‍മക്കള്‍', അനാമിക ഹക്‌സറുടെ 'അന്തര്‍യാത്ര' തുടങ്ങി ഒട്ടനവധി സ്‌ത്രീ എഴുത്തുകാരുടെയുംസംവിധായകരുടെയും രചനാപാഠങ്ങള്‍ ഇന്ത്യന്‍ പുരാണങ്ങളില്‍നിന്നും മിത്തുകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവയാണ്‌. എന്നാല്‍ ഇവയിലെ സ്‌ത്രീ കഥാപാത്രങ്ങളാവട്ടെ പുതിയ കാലത്തോട്‌ സംവേദിക്കുന്നവരുമാണ്‌.
കേരളത്തില്‍ തുലോം ചെറുതെങ്കിലും ഈ ചിന്തകളുടെ തുടര്‍ച്ചയായി ചില സ്‌ത്രീ നാടക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നത്‌ രേഖപ്പെടുത്തേണ്ട ഒന്നാണ്‌. 'അഭിനേത്രി' എന്ന ആദ്യകാല സ്‌ത്രീ നാടകസംഘം മൊരുക്കിയ 'സുധി' തന്നെ സംവിധാനം ചെയ്‌ത്‌, കേരളത്തിലെ ഈ കാലഘട്ടത്തിലെ കഴിവുറ്റ നടികളില്‍ ഒരാളായ ശ്രീലതയും ഈ ലേഖികയും ചേര്‍ന്നഭിനയിച്ച 'ചിറകടിയൊച്ചകള്‍' എന്നിവ ഇതിനുദാഹരണമാണ്‌. ജി.ശങ്കരപ്പിള്ളയുടെ രണ്ട്‌ ഏകാങ്കനാടകങ്ങളെ ഇഴചേര്‍ത്തായിരുന്നു ഇതിന്റെ രംഗപഠം ഒരുക്കിയത്‌. മഹാഭാരത കഥാഖ്യാനത്തില്‍ നിന്നു വ്യത്യസ്‌തമായി കര്‍ണന്റെ അമ്മയും പോറ്റമ്മയും ജീവിതാന്ത്യത്തില്‍ പരസ്‌പരം കാണുന്ന കഥാസന്ദര്‍ഭത്തില്‍ ഈ നാടകം ആരംഭിക്കുന്നു. കുന്തിയും രാധയും ജി.ശങ്കരപ്പിള്ളയുടെ കഥാപാത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി മാറുന്ന കാഴ്‌ചയാണ്‌ നമുക്കിവിടെ കാണാനാവുക. നടികളും കഥാപാത്രങ്ങളും തമ്മില്‍ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ നാടകത്തിനകത്തും സംഭവിക്കുന്ന രീതിയിലായിരുന്നു അതിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്‌. പുതിയ നാടക ചരിത്ര രചനകളില്‍പ്പോലും ഇത്തരം പെണ്‍കാഴ്‌ചകള്‍ ഗൗരവത്തോടെ 'ചരിത്രകാരന്മാര്‍' എഴുതിച്ചേര്‍ത്തിയിട്ടില്ലെന്നു കാണാം.
രണ്ടോ മൂന്നോ തലമുറയ്‌ക്കുമുമ്പ്‌ വിപ്ലവാത്മകമായി ജീവിച്ചുമരിച്ച, നമ്മുടെ കഥകളിലും നോവലുകളിലും ഒരു മിത്തുപോലെ നിറഞ്ഞ സ്‌ത്രീയാണ്‌ താത്രിക്കുട്ടി. ശ്രീജ രചിച്ച 'ഓരോരോ കാലത്തിലും' എന്ന നാടകം അവള്‍ വളര്‍ന്ന സാഹചര്യങ്ങളിലും കുട്ടിക്കാലത്തെ കഥകളിലും നിറഞ്ഞുനിന്ന 'താത്രിക്കുട്ടിയെ' വളര്‍ന്ന പെണ്ണറിവില്‍ രംഗപഠമാക്കി മാറ്റിയപ്പോള്‍ അതിനെ അവഗണിക്കാന്‍ മലയാള നാടകവേദിക്കു സാധിക്കാതെ വന്നു.
1999 മുതല്‍ കഴിഞ്ഞ ഒമ്പതുവര്‍ഷങ്ങള്‍ സ്‌ത്രീസര്‍ഗാത്മകതയുടെ വിവിധ പ്രയോഗതലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'നിരീക്ഷ', മലയാള നാടകവേദിയുടെ പുരുഷലോകത്ത്‌ ഒരു സംഘമെന്ന നിലയില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനത്തെന്നപോലെ കേരളത്തിലും നാടക പ്രവര്‍ത്തനത്തിനു ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ യഥാര്‍ഥത്തില്‍ വളരെ കുറവാണ്‌. നാടക സംഘങ്ങള്‍ നിലനില്‍ക്കേണ്ടത്‌ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്‌ പ്രസിദ്ധ നാടക സംവിധായകനായ ബെന്‍സി കക്കൂള്‍ ഈ ലേഖികയ്‌ക്കും നല്‍കിയ ഒരു അഭിമുഖത്തില്‍ വിവരിക്കുകയുണ്ടായി.
''ചെറു പട്ടണങ്ങളിലെ ഓരോ നാടക സംഘങ്ങളും പലജാതി മതസ്ഥരുടെയും പല തട്ടിലുള്ള സാമ്പത്തിക ശ്രേണിയിലുള്ളവരുടെയും കൂട്ടായ്‌മയാണ്‌. തുരുത്തുകളായി മാറുന്ന ഒരു സമൂഹത്തിനകത്ത്‌ നാടക സംഘങ്ങളുടെ കൂട്ടായ്‌മയ്‌ക്ക്‌ ഒട്ടനവധി മാനങ്ങളുണ്ട്‌.''
മധ്യപ്രദേശിലെ തന്റെ നാടകപ്രവര്‍ത്തനത്തില്‍ നിന്നു അവര്‍ സ്വായത്തമാക്കിയ ഈ അറിവിനെ മാനിക്കാതിരിക്കാനാവില്ല. സര്‍ക്കാര്‍ ഫണ്ടുകളില്‍ എത്രയോ കുറഞ്ഞ ശതമാനമാണ്‌ ചെറു കലാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്നതെന്ന്‌ കലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അറിയാം. നിരീക്ഷയുടെ നിലനില്‍പ്പിനെ, അല്ലെങ്കില്‍ ചെറുത്തു നില്‍പ്പിനെ തടസ്സപ്പെടുത്തുന്ന കാരണങ്ങളെ രണ്ടുതരത്തില്‍ കാണേണ്ടതുണ്ട്‌. ഒന്ന്‌, ആണ്‍കോയ്‌മയുടെ നാടകലോകത്തു നടത്തേണ്ടുന്ന സര്‍ഗാത്മകമായ സമരങ്ങള്‍. ഇവിടെ സ്‌ത്രീ പ്രാന്തവത്‌ക്കരിക്കപ്പെട്ടവരാണ്‌; സ്‌ത്രീ സംഘങ്ങളും. മറ്റൊന്ന്‌ ഭൗതികമായ നിലനില്‍പ്പ്‌. സര്‍ക്കാര്‍ പോളിസികളില്‍ സ്‌ത്രീ നാടക സംഘ ശാക്തീകരണം ഒരു ഘടകമാണെങ്കിലും മറ്റേതു ചെറു നാടക സംഘത്തെപ്പോലെയും കഠിനമായ പരിശ്രമമാണ്‌ ഇവര്‍ക്കും നിലനില്‌പ്‌.
മനുഷ്യവിഭവശേഷി മന്ത്രാലയത്തിനുപോലും ഒരു സ്‌ത്രീ നാടക സംഘത്തെ 'നാടക സംഘ'മായി പരിഗണിക്കാന്‍ ബുദ്ധിമുട്ടാണ്‌. നിരീക്ഷയുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടത്‌ യഥാര്‍ഥത്തില്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമബോര്‍ഡിന്‌ കീഴിലല്ലേ എന്നു തുടങ്ങിയ ക്രൂരമായ തമാശകള്‍, അവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ടെന്ന്‌ 'നിരീക്ഷ'യുടെ പ്രവര്‍ത്തക രാജേശ്വരി പറയുന്നു. വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുത്തുകൊണ്ടാണ്‌ നിരീക്ഷ 'പ്രവാചക'യുടെ അവതരണവുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. നിരന്തരമായ റിഹേഴ്‌സലുകള്‍, രംഗവിതാനത്തിനും പ്രകാശവിതാനത്തിനുമൊപ്പം ആവശ്യമായിരുന്ന അവതരണം കൂടിയായിരുന്നു പ്രവാചകയുടേത്‌. അവതരണത്തിന്റെ 'പെര്‍ഫെക്ഷന്‍' എന്ന സ്വപ്‌നം ഈ സാമ്പത്തിക കുരുക്കിനിടയില്‍ ഇത്തരമൊരു സംഘത്തിന്‌ എങ്ങനെ ലഭിക്കാനാണ്‌? ഇത്‌ തീര്‍ച്ചയായും നിരീക്ഷയുടെ മാത്രം പ്രശ്‌നവുമല്ല.
ഒരു സംവിധായകയെ സംബന്ധിച്ചിടത്തോളം ഒട്ടനവധി വെല്ലുവിളികളുള്ള നാടകപാഠമായിരുന്നു 'പ്രവാചക'യുടേത്‌. ഗ്രീക്ക്‌ നാടകത്തിലെ കസാന്‍ട്രയില്‍ നിന്ന്‌ ഒട്ടേറെ മാറ്റി, സ്‌ത്രീപക്ഷ കാഴ്‌ചയിലൂടെ അവള്‍ രൂപപ്പെട്ടപ്പോള്‍ 'അഥീന' എന്ന ദേവത, കസാന്‍ട്രയുടെ സഹയാത്രികയായി മാറി. അഥീന യുദ്ധദേവതയായി മാറിയത്‌ എങ്ങനെയെന്ന ചോദ്യങ്ങളെ എടുത്തെറിഞ്ഞുകൊണ്ട്‌, ഒരു ഭ്രാന്തിയുടെ സത്വത്തില്‍നിന്ന്‌ കസാന്‍ട്രയെ ഉള്‍ക്കാഴ്‌ചയുള്ള മനുഷ്യസ്‌ത്രീയാക്കി, യുദ്ധത്തിന്റെ ലോകം പുരുഷന്‍േറതാണെന്നും സ്‌ത്രീ, യുദ്ധത്തിന്റെ കെടുതികളെ താങ്ങാനായി മാത്രം നിശ്ശബ്ദമാക്കപ്പെട്ടവരാണെന്നും സ്‌ത്രീ കഥാപാത്രങ്ങള്‍ പറയുവാന്‍ തുടങ്ങി. യുദ്ധത്തില്‍ ലൈംഗിക അടിമകളാക്കി മാറ്റപ്പെടുന്ന സ്‌ത്രീകളുടെ ദുരിതങ്ങള്‍ക്ക്‌ അന്നും ഇന്നും മാറ്റങ്ങളില്ലെന്നും പ്രവാചകയുടെ നാടകപാഠം വെളിപ്പെടുത്തി. പുരുഷന്‍ ആടി അഭിനയിച്ച ഈ സ്‌ത്രീ വേഷങ്ങള്‍ സ്‌ത്രീകള്‍ തന്നെ അഭിനയിക്കുക, ആ കഥാപാത്രങ്ങളെ ഇന്നത്തെ സാംസ്‌കാരികാവസ്ഥകളോട്‌ ചേര്‍ത്തുവെക്കുക എന്നിങ്ങനെയുള്ള വെല്ലുവിളികളെയാണ്‌ ഈ സ്‌ത്രീ കൂട്ടായ്‌മ തരണം ചെയ്‌തിരിക്കുന്നത്‌. ആതിര അവതരിപ്പിച്ച കസാന്‍ട്രയും കനിയുടെ അഥീനയും മാളുവും നിഥിയും സ്‌മിതയും മേഘയും ലതയും മിഴുവുറ്റതാക്കിയ സ്‌ത്രീ സംഘവും ഈ നാടകത്തെ യാഥാര്‍ഥ്യമാക്കി. പെണ്‍കുട്ടികളുടെ ഒരു വലിയ സംഘം ഗൗരവത്തോടെ മലയാള നാടകവേദിയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ചതുതന്നെ സ്‌ത്രീ നാടക പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനയാണ്‌.

സജിത മഠത്തില്‍

Mathrubhoomi Daily Weekend-June-29/6/08

7 comments:

Anonymous said...

ചിത്രങൾ കണ്ടിട്ട് എതൊ മസ്സാ‍ല ചലച്ചിത്രം പോലെ.
നാടകം നന്നായി പുരോഗമിച്ചു എന്നു തൊന്നുന്നു.
നാടോടിമ്പോൽ നടുവെ അല്ലെ.
(വെറുമൊരഭിപ്രായം മാത്രം... കാണുന്ന കണ്ണിന്റെ കൊഴപ്പം എന്നൊന്നും പറയല്ലെ..)

സനാതനന്‍ said...

ഒരു പുരുഷ നാടകവേദി എന്നത് എത്രമാത്രം ഇടുങ്ങിയതും ഏകപക്ഷീയവുമാണോ അതിനെക്കാൾ ഇടുങ്ങിയതും ഏകപക്ഷീയവും ആയിരിക്കും ഒരു സ്ത്രീ നാടകവേദി എന്ന നിലപാട്.സ്ത്രീപക്ഷ വീക്ഷണം ഉള്ള ഒരു നാടകവേദി എന്ന സങ്കൽ‌പ്പമാവില്ലേ കുറേക്കൂടി വിശാലം.നിലനിൽ‌പ്പിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണോ എല്ലാം ഇങ്ങനെ ചിതറിയ അസ്തിത്വങ്ങൾ തേടുന്നത്?അങ്ങനെയെങ്കിൽ അത് സത്യസന്ധതയെ ബാധിക്കില്ലേ..

സനാതനന്‍ said...

എന്തായാലും ഒരു നാടകപ്രവർത്തകയുടെ ബ്ലോഗ് കണ്ടതിൽ സന്തോഷം

ശിവ said...

നാ‍ടകം എന്ന കല പുരോഗമിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു.

അല്ലതെ ഇവിടെയും പുരുഷ/സ്ത്രീ നാടകം എന്ന് വേര്‍തിരിക്കണോ?

സസ്നേഹം,

ശിവ

ശിവ said...

നാ‍ടകം എന്ന കല പുരോഗമിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു.

അല്ലാതെ ഇവിടെയും പുരുഷ/സ്ത്രീ നാടകം എന്ന് വേര്‍തിരിക്കണോ?

സസ്നേഹം,

ശിവ

മാര്‍ജാരന്‍ said...

ഈ ലോകത്ത് ഇനിയും നാടകങ്ങള്‍ വേണോ.....

Sapna Anu B.George said...

ഒരു ബഹുമുഖ പ്രതിഭയെ കണ്ടതില്‍ സന്തോഷം,,,വീണ്ടും വരാം