Sunday, July 14, 2013
History of Women in Malayalam Theatre-Introduction!!
ജനപ്രിയതയിലേക്ക് തുറന്ന ഷട്ടര്‍
ജോയ്മാത്യു സംവിധാനം ചെയ്ത 'ഷട്ടറി'ലെ തങ്കത്തിലൂടെ മികച്ച രണ്ടാമത്തെ
നടിക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിയ സജിത മഠത്തില്‍ സംസാരിക്കുന്നു...
ഒരു ദശാബ്ദത്തിലേറെയായി നാടകവേദിയിലെ സജീവസാന്നിധ്യം, മലയാളത്തിലെ ആദ്യത്തെ സ്ത്രീനാടകവേദിയായ 'അഭിനേത്രി'യുടെ സ്ഥാപകരിലൊരാള്‍, തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തരബിരുദവും എം.ഫിലും, ശാസ്ത്രസാഹിത്യപരിഷത്തിന്റെ തെരുവുനാടകങ്ങളിലൂടെ, ഒറ്റയാള്‍ നാടകങ്ങളിലൂടെ വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ച അനുഭവം, നാടകകൃതികളും നാടകത്തെ പറ്റിയുള്ള പഠനങ്ങളും നടത്തിയിട്ടുള്ള അഭിനേത്രി, ഡോക്യുമെന്ററി സംവിധായിക, നാടകത്തിന്റെ പഠനഗവേഷണങ്ങള്‍ തുടരുന്ന, കേരള ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന, ഇപ്പോള്‍ കേന്ദ്രസംഗീതനാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ജോലിനോക്കുന്ന... ഇങ്ങനെ സജിത മഠത്തിലിന്റെ ബയോഡാറ്റ നീട്ടാം. പക്ഷേ, മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സജിതയെ ഇങ്ങനെ ബയോഡാറ്റ കേള്‍പ്പിച്ച് പേടിപ്പിക്കണ്ട. കാരണം അവര്‍ക്ക് ഷട്ടറിലെ തങ്കത്തിനെ പരിചയമായിക്കഴിഞ്ഞു. അതിനു മുമ്പും സിനിമയില്‍ മുഖംകാണിച്ചിരുന്നെങ്കിലും ജോയ്മാത്യുവിന്റെ ഷട്ടര്‍ ജനപ്രിയ സിനിമയായതോടെയാണ് സജിതയിലെ നടിയെ സാധാരണക്കാരും തിരിച്ചറിഞ്ഞത്. അതുകൊണ്ടു തന്നെയാണ് വിവിധ വെബ്‌സൈറ്റുകളിലെ ഷട്ടര്‍ നിരൂപണത്തിനു താഴെ ഷട്ടറിലെ സജിത മഠത്തില്‍ മികച്ച രണ്ടാമത്തെയല്ല, ഒന്നാമത്തെ നടി തന്നെയാണ് എന്ന് പലരും രേഖപ്പെടുത്തുന്നത്.
തങ്കം എന്ന കഥാപാത്രമാവാന്‍ മുന്നൊരുക്കങ്ങള്‍ എന്തെങ്കിലും?
ജോയ്മാത്യുവിന്റെ സ്‌ക്രിപ്റ്റില്‍ തന്നെ ആ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. 2000 കാലഘട്ടത്തില്‍ സെക്‌സ് വര്‍ക്കേഴ്‌സിന്റെ ഇടയില്‍ പ്രവര്‍ത്തിച്ച ഒരു പരിചയം ഉണ്ട്. അവരോടൊപ്പം ഒന്നുരണ്ട് വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരും നമ്മെപ്പോലെ തന്നെ വികാരങ്ങളും സ്വപ്നങ്ങളും എല്ലാമുള്ള മനുഷ്യര്‍ തന്നെയാണെന്ന തിരിച്ചറിവ് കഥാപാത്രവ്യാഖ്യാനത്തെ എളുപ്പമാക്കുന്നു. കാരണം ജോയ് എഴുതിയ തങ്കം നന്മയും തിന്മയുമെല്ലാമുള്ള അത്തരമൊരു കഥാപാത്രമാണ്. പിന്നെ എന്റെ മുന്നിലുള്ള ഒരേയൊരു വെല്ലുവിളി മലയാള സിനിമയില്‍ പലരും അവതരിപ്പിച്ച അഭിസാരികമാരുടെ പ്രേതങ്ങള്‍ ആവേശിക്കാതെ രക്ഷപ്പെടുക എന്നതായിരുന്നു. അതിലുപരി ഒരു പരിചയവുമില്ലാത്ത ഒരു പുരുഷനോടൊപ്പം എത്തിപ്പെടുന്ന സ്ത്രീയുടെ മാനസികാവസ്ഥയാണ് ഞാനാലോചിച്ചത്. അത്തരം ഘട്ടങ്ങളില്‍ പ്രതിരോധിക്കാന്‍ ഓരോരുത്തരും കണ്ടെത്തുന്ന വഴികള്‍- ഇത്തരം ചിന്തകളാണ് എന്റെ ഹോംവര്‍ക്ക്. അതിന് ഫലമുണ്ടായെന്ന് സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു.
ഇതുവരെ നാടകപ്രവര്‍ത്തനം, സിനിമയാണെങ്കില്‍ ആര്‍ട്ട്ഫിലിം കാറ്റഗറിയില്‍ പെട്ടവ, ഇതിപ്പോള്‍ കച്ചവടസിനിമയിലേക്കുള്ള ഷട്ടര്‍ തുറക്കലായോ?
അത് ഞാന്‍ മാത്രം തീരുമാനിച്ചാല്‍ പോരാ. അത്തരം കഥാപാത്രങ്ങള്‍ വരണം. കുറേ സിനിമകള്‍ ചെയ്യണമെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരാളല്ല ഞാന്‍. എനിക്കു താത്പര്യമുള്ള പ്രോജക്ട് വരുമ്പോള്‍ ചെയ്യുക എന്നേയുള്ളൂ.
ജോയിയുമായുള്ള സൗഹൃദമാണോ ഷട്ടറിലേക്കു വഴിതുറന്നത്?
തീര്‍ച്ചയായും അതെ. ജോയ് എന്റെ സീനിയറായി മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ പഠിച്ചതാണ്. നാടകവും നാടകപ്രസ്ഥാനങ്ങളുമായി നേരത്തേ ബന്ധമുണ്ട്. ജോയ് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു. അങ്ങനെ പല ഘടകങ്ങളുമാണ് ആ സിനിമയിലേക്ക് എത്തിക്കുന്നത്. ഒരു നടിയായി മാറിനില്‍ക്കുകയായിരുന്നില്ല. അതൊരു കൂട്ടായ്മയുടെ സിനിമകൂടിയാണ്. ലാല്‍ സാറിനും വിനയ്‌ഫോര്‍ട്ടിനുമെല്ലാം ഈ സിനിമയോട് അങ്ങനെയൊരു സ്പിരിറ്റുണ്ടായിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവത്തിലെ മറക്കാനാവാത്ത ഓര്‍മ?
ഒരുപാട് അനുഭവങ്ങളുണ്ട്. വളരെ രസകരമായി തോന്നിയത്. തുടക്കംമുതലേ എന്നെ ഈ കഥാപാത്രമാക്കുന്നതില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ ശങ്കയുണ്ടായിരുന്നു. എനിക്കും തോന്നിയിരുന്നു. എന്നേക്കാള്‍ പോപ്പുലറായ, ബിസിനസ് സാധ്യതകളുള്ള നടിയെ വെച്ചുകൂടേ എന്നു ഞാന്‍ തന്നെ ചോദിച്ചിരുന്നു. എന്നാല്‍ ജോയിക്ക് മാത്രം മറ്റൊരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ അഭിനയിച്ചു തുടങ്ങി സീന്‍ ബൈ സീന്‍ സിനിമ പുരോഗമിക്കുന്നതോടെ സഹപ്രവര്‍ത്തകരുടെ നിലപാടുകളും ഭാവങ്ങളും മാറാന്‍ തുടങ്ങി. അത് നിരീക്ഷിക്കുന്നതു രസകരമായൊരു അനുഭവമായിരുന്നു.
സിനിമ കണ്ടിട്ടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
എല്ലായിടത്തുനിന്നും അഭിനന്ദനങ്ങളാണ് കിട്ടിയത്
ജി. ജ്യോതിലാല്‍
posted on:
10 Mar 2013
.
Subscribe to:
Posts (Atom)