

നാടകത്തിന്റെ പറഞ്ഞുവെച്ച ചരിത്രവഴികള്‍ക്ക് ഒരു തിരുത്തും അനുബന്ധവും. നേരും നുണയും വേര്‍തിരിച്ച്, അര്‍ഹരെ അസ്ഥാനങ്ങളില്‍ നിന്നും സ്ഥാനങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ച് മലയാളത്തില്‍ ഇന്നോളം കാണാത്ത ഒരു ചരിത്ര നിര്‍മാണം. അരങ്ങിലും അണിയറയിലും പെണ്ണിന്റെ കരുത്തും പ്രസക്തിയും എത്രത്തോളമെന്ന് കേട്ടല്ല, അനുഭവിച്ചറിഞ്ഞ, നാടകത്തെ ജീവിതമായി കാണുന്ന നാടക പ്രവര്‍ത്തകയുടെ ഹൃദയമിടിപ്പുകള്‍ വ്യക്തമായി കേള്‍ക്കാനാവുന്ന ഒരു സംരംഭം. ഇതിലപ്പുറം പോകേണ്ടതില്ല ഈ പുസ്തകം അനുഷ്ഠിക്കുന്ന മഹത്ത്വമന്വേഷിച്ച്.
മലയാള നാടകത്തിന്റെ വരണ്ട ചരിത്രമോ നാടകത്തിലെ സ്ത്രീകള്‍ക്കായി ഒരു വക്കാലത്തോ അല്ല സജിത മഠത്തിലിന്റെ ലക്ഷ്യം. എന്തുകൊണ്ട് നടപ്പുനാടക ചരിത്രങ്ങളില്‍ സ്ത്രീയില്ല? നടിയില്‍ നിന്ന് നാടക പ്രവര്‍ത്തകയിലേക്ക് വളര്‍ന്നു കഴിഞ്ഞ അവളെ ആ രീതിയില്‍ അംഗീകരിക്കാന്‍ എന്തുകൊണ്ട് ചരിത്രമെഴുത്തുകാര്‍ തയ്യാറാവുന്നില്ല? അരങ്ങിലെ സ്ത്രീയെ കണ്ടെന്നു നടിച്ചവര്‍പോലും ക്ഷമയര്‍ഹിക്കാത്ത അലസത അവരോട് കാട്ടുന്നതെന്തേ? 'മലയാള നാടക സ്ത്രീ ചരിത്രം' ഉദയം ചെയ്തത് ഈവിധ സന്ദേഹങ്ങളില്‍ നിന്നാണെന്ന് സജിത.
ഒമ്പത് അധ്യായങ്ങളില്‍ ഇരുനൂറിലേറെ പുറങ്ങളിലായി ഇതള്‍ വിരിയുന്നു സജിതയുടെ ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണങ്ങള്‍. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ആത്മകഥയില്‍ നിന്ന് മലയാള നാടകത്തില്‍ സ്ത്രീയുണ്ടായിരുന്നുവെന്ന തിരിച്ചറിവ്, നിരന്തരമായ അന്വേഷണങ്ങള്‍, ആയിരത്തിലേറെ നാടക പ്രവര്‍ത്തകരായ സ്ത്രീകളോട് സംസാരിച്ചുള്ള അനുഭവം. സ്ത്രീപക്ഷത്തുനിന്ന് ആരോഗ്യകരമായ നോക്കിക്കാണല്‍- പുസ്തകം പൂര്‍ത്തിയായപ്പോള്‍ അത് സമര്‍പ്പിച്ചതും നാടകപാതയിലെ മുന്‍ഗാമികള്‍ക്ക്. ''അരങ്ങിനെ വിശ്വാസമാക്കിയ വര്‍ക്കല അമ്മുക്കുട്ടിയുടെയും അനാര്‍ക്കലിയായി മണ്ണിലലിഞ്ഞ പള്ളുരുത്തി ലക്ഷ്മിയുടെയും തുടര്‍ച്ചക്കാരികള്‍ക്ക്''- സമര്‍പ്പണം ഇങ്ങനെ. ആരാണ് വര്‍ക്കല അമ്മുക്കുട്ടിയും പള്ളുരുത്തി ലക്ഷ്മിയും? സജിതയുടെ ഈ പുസ്തകം എന്തിനെന്ന് നെറ്റിചുളിക്കുന്നവര്‍ക്ക് ചോദ്യത്തിന് മുന്നിലെ അജ്ഞത സ്വയം ഉത്തരമാവുന്നു.
മലയാള നാടകത്തിന് ചരിത്രമുണ്ടാവുന്നതിന്റെ പിറ്റേവര്‍ഷം തോട്ടക്കാട്ട് ഇക്കാവമ്മ, കുഞ്ഞിക്കുട്ടി തങ്കച്ചി എന്നീ പ്രതിഭാശാലികളായ സ്ത്രീകള്‍ യഥാക്രമം 'സുഭദ്രാര്‍ജുന'മെന്നും 'അജ്ഞാതവാസ'മെന്നും പേരായ നാടകമെഴുതിയെന്ന് ഏതു ചരിത്രത്തിലാണുള്ളത്? സ്ത്രീയെ തോല്പിക്കുന്ന സൗന്ദര്യത്തോടെ അരങ്ങില്‍ സ്ത്രീയായി വാണ ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടിയെ സജിത നോക്കിക്കാണുന്നത് ഒളിഞ്ഞുനോട്ടവും അശ്ലീലഭാഷണവുമടക്കം ഒരു നടി നേരിടുന്ന എല്ലാ തിരസ്‌കാരങ്ങളുടെയും പ്രതിനിധിയായാണ്. ആ ശൈലി അനുകരിക്കുമ്പോഴും സ്വന്തം ഇടം കണ്ടെത്തി മാവേലിക്കര പൊന്നമ്മയെപ്പോലുള്ള പിന്‍ഗാമികള്‍.
സ്ത്രീവാദത്തിന്റെ കരുത്ത് തെളിഞ്ഞു നിന്ന മുപ്പതുകള്‍ നല്ല നാടകങ്ങള്‍ രചിക്കാന്‍ നാടക കൃത്തുക്കളെ പ്രേരിപ്പിച്ച സ്ത്രീകളാല്‍ സമൃദ്ധമെന്ന് ഗ്രന്ഥകാരി. 'സ്ത്രീ'യും 'യാചകി'യും 'സുപ്രഭ'യും ഉണ്ടാവുന്നത് അങ്ങനെയാണ്. ഒരു തലമുറയെ ആഴത്തില്‍ സ്വാധീനിച്ചിട്ടും മേല്‍വിലാസമില്ലാതെ പോയ ഒരുകൂട്ടം നടികളെ സംഗീത നാടക മേഖലയെ അപഗ്രഥിച്ച് ഗ്രന്ഥകാരി വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും സ്വാഗതാര്‍ഹമാണ്. നമ്പൂതിരി നവോത്ഥാന ശ്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നാടകങ്ങളില്‍ ലളിതാംബിക അന്തര്‍ജനമടക്കമുള്ളവര്‍ മുന്നോട്ടുവെച്ചപരിചിതമായ അജന്‍ഡയെന്തെന്നാണ് തുടര്‍ന്നു പരിശോധിക്കുന്നത്. എന്നാല്‍, രാഷ്ട്രീയ നാടകങ്ങളുടെ കുത്തൊഴുക്കില്‍ സ്ത്രീ പ്രധാനിയല്ലാതെ പ്രണയത്തിന്റെ ലോല ഭാവങ്ങളിലേക്കൊതുങ്ങുന്നു. അതിനിടയിലും കെ.പി.എ.സി. സുലോചനയെയോ, മേദിനിയെയോ, നിലമ്പൂര്‍ അയിഷയെയോ പോലെ പ്രതിസന്ധികളിലൂടെയും ആത്മഹര്‍ഷങ്ങളിലൂടെയും പിടിച്ചു നിന്നവരെയും സജിത കാണാതെ പോകുന്നില്ല. അതിന്റെ അനുബന്ധം തന്നെ ഇരുനൂറിലേറെ നടികളെ നേരില്‍ക്കണ്ട് എത്തിച്ചേരുന്ന നൂതന നിരീക്ഷണങ്ങളും.
സ്ത്രീയെ നാടകഭാഷയും നാടക സങ്കേതങ്ങളും പഠിപ്പിച്ച നാടകക്കളരി പ്രസ്ഥാനത്തെയും കാവാലത്തിന്റെ നാടക മുന്നേറ്റത്തെയും സജിത ആദരവോടെയും അതേസമയം നിഷ്പക്ഷമായും നോക്കിക്കാണുകയാണ്. പ്രതികരണ നാടകവേദി, കാമ്പസ് തിയേറ്റര്‍, സമത, പരിഷത്ത്, 1991-ലെ കൂത്താട്ടുകുളം നാടക ക്യാമ്പിനെ തുടര്‍ന്ന് സജീവമായ സ്ത്രീനാടകവേദി എന്നിങ്ങനെ വര്‍ത്തമാനകാല അരങ്ങില്‍ വരെയെത്തുന്നു ഈ അന്വേഷണം.
''ഇതൊരു തുടക്കം മാത്രം. യോജിക്കാനും വിയോജിക്കാനും സംവദിക്കാനും തുടരന്വേഷണത്തിനും വഴിയൊരുക്കുന്ന എളിയ തുടക്കം'' -സജിത സ്വന്തം പുസ്തകത്തെ അവതരിപ്പിക്കുന്നത്ഇങ്ങനെ