Thursday, November 21, 2013
നടനും നാടകവും എനിക്ക് ആവേശം നല്‍കുന്നു
നാടകമാണ് സജിത മഠത്തില്‍ എന്ന നടിയുടെ ജീവിതം. വെറുമൊരു താത്പര്യത്തില്‍ നിന്ന് ജീവിതോപാസനയായി അവര്‍ അത് ഏറ്റെടുത്തത് തന്നെ എതിര്‍പ്പില്‍ നിന്നായിരുന്നു. എന്നാല്‍ അഭിനയ കലയെ ജീവിതത്തിന്റെ താളമാക്കിയ ആ അനുഗ്രഹീത നടിയ്ക്ക് ഒരു തിരിച്ചുപോക്കില്ലായിരുന്നു. വര്‍ഷങ്ങളോളം നിരവധി നാടകങ്ങുടെ അരങ്ങില്‍ അഭിനേതാവായി അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. പിന്നെ സംവിധായകയായും നാടകമെഴുത്തുകാരിയായും തന്റെ തട്ടകവുമായി ബന്ധപ്പെട്ട ചരിത്രാന്വേഷക ആയും അവര്‍ കലാജീവിതത്തിനു കൂടുതല്‍ അര്‍ത്ഥങ്ങള്‍ നിര്‍വചിച്ചു. കാലം പുരോഗമിക്കവേ അഭിനയത്തിന്റെ പുതിയൊരധ്യായവുമായി വെള്ളിത്തിരയിലേയ്ക്കും അരങ്ങേറ്റം നടത്തി. എന്നാല്‍ അവസരം പ്രയോജനപ്പെടുത്തി വലിച്ചുവാരി ചിത്രങ്ങള്‍ ചെയ്യുന്നതില്‍ വിശ്വസിക്കാതെ അവര്‍ കാത്തിരുന്നു. ഒടുവില്‍ ഷട്ടര്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ സജിത മഠത്തില്‍ എന്ന നടിയിലെ പ്രതിഭ ചലച്ചിത്രലോകത്തിന്റെ മുന്‍നിരയിലേയ്ക്ക് കടന്നു വന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ രണ്ടാമത്തെ മികച്ച നടിയായി പുരസ്‌കാരവും തേടിയെത്തി.
തന്റെ ജീവിതം തന്നെയായ നാടകത്തിന്റെ അരങ്ങിലേയ്ക്ക് ഒരു നടിയായി അവര്‍ തിരികെയെത്തുകയാണ്, വെള്ളിത്തിരയിലൂടെയാണ് അത് എന്നതാണ് പ്രത്യേകത. കമല്‍ സംവിധാനം ചെയ്യുന്ന, നാടകം 'കേന്ദ്ര കഥാപാത്രമായ' നടന്‍ എന്ന ചിത്രത്തില്‍ തന്റെ ജീവിതത്തിലെ പ്രിയ വേഷത്തിലൊന്നായ നാടക നടി ആയാണ് സജിത മഠത്തില്‍ വേഷമിടുന്നത്. നടനിലെ വിശേഷങ്ങളെക്കുറിച്ച് അല്‍പം നാടകക്കാര്യവും.
നടനിലെ കഥാപാത്രത്തെക്കുറിച്ച് ?
നടനില്‍ ജയറാം ചെയ്യുന്ന പ്രധാന കഥാപാത്രമായ ദേവദാസിന്റെ ഭാര്യയുടെ റോളാണ് ഞാന്‍ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം നാടകത്തില്‍ അഭിനേതാവാണ്. ദേവദാസിന്റെ കുടുംബം നാടക പാരമ്പര്യത്തിന്റേതാണ്. ഒരു നടിയായി വന്ന് ശേഷം ദേവദാസിനെ വിവാഹം ചെയ്ത് നാടകസംഘത്തിന്റെ ഭാഗമാകുന്ന ആളാണ് സുധര്‍മ. സംഘത്തില്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. അഭിനയത്തിനൊപ്പം രണ്ടു പെണ്‍മക്കളും കൂടിയുള്ള കുടുംബവും നോക്കുന്നു. എന്നാല്‍ ആ ജീവിതത്തിലേയ്ക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ വീടും വിട്ട് നാടകവും ഉപേക്ഷിച്ച് കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയാണ് സുധര്‍മ. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ യഥാര്‍ത്ഥ ജീവിതത്തിലും നാടക ലോകത്തിലും കാണാന്‍ കഴിയും. കലയെ ഒരുപാട് സ്‌നേഹിക്കുകയും എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഉപേക്ഷിക്കേണ്ടിയും വരുന്നവര്‍. ബാഹ്യമായ കാരണം കൊണ്ടോ സ്വയം തീരുമാനിക്കുന്നതു കൊണ്ടോ നാടകം ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീ ജന്മങ്ങളുടെ നേര്‍ച്ചിത്രമാണ് സുധര്‍മ നല്‍കുന്നത്.
ഏറെ പ്രശംസയും അവാര്‍ഡും നേടിത്തന്ന കഥാപാത്രമായിരുന്നു ഷട്ടറിലേത്. അതുപോലെ ഒരു വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണോ സുധര്‍മ?
ഷട്ടറിന്റെ സ്വഭാവമല്ല നടനുള്ളത്. എന്നാല്‍ കഥാപാത്രത്തിന് അതിന്റേതായ ഒരു വെല്ലുവിളി ഉണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ പോലെയല്ല. തികച്ചും
വ്യത്യസ്തമാണ് സുധര്‍മ്മയും നടനും.
സജിത മഠത്തില്‍ എന്ന നടിയുടെ തറവാടു തന്നെ നാടകമാണ്. എങ്ങനെയായിരുന്നു സിനിമയിലും നാടകം എത്തിയപ്പോഴുള്ള അനുഭവം ?
നടന്‍ എന്ന സിനിമയില്‍ നാടകത്തിന്റെ സ്ഥാനം തന്നെയാണ് എന്റെ കഥാപാത്രത്തിനെക്കാളും എനിക്ക് ആവേശം തരുന്നത്. ഇത്തരത്തില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നത്. നടന്റെ സ്‌ക്രിപ്റ്റിന്റെ പ്രത്യേകത എന്നു പറയുന്നത് നാടക ചരിത്രവും സമകാലിക നാടക ജീവിതവും ഇഴചേര്‍ത്താണ് അതു പുരോഗമിക്കുന്നത് എന്നതാണ്. ഞാന്‍ എന്റെ പിഎച്ച്ഡിയുടെയും മറ്റു പഠനങ്ങളുടെയും ഒക്കെ ഭാഗമായി നാടക ചരിത്രത്തിലേയ്ക്ക് കൂടുതല്‍ കടന്നു ചെന്ന ആളാണ്. അതു കൊണ്ടു തന്നെ നാടകത്തിന്റെ ചരിത്രവഴികളില്‍ സംഭവിച്ച കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതോ പരിചിതമോ ആണ്. കൂടാതെ ഒരു നടി എന്ന നിലയില്‍ നാടക ജീവിതവുമായി വളരെ വലിയ ഒരു ബന്ധവും സൂക്ഷിക്കുന്നു. അതിനാല്‍ത്തന്നെ നടനില്‍ പ്രതിപാദിക്കുന്ന പ്രശ്‌നങ്ങളെല്ലാം എനിക്ക് അറിയാവുന്നതാണ്. അതുപോലുള്ള കഥാപാത്രങ്ങളെ ഞാന്‍ നേരിട്ട് കണ്ടിട്ടുമുണ്ട് അല്ലെങ്കില്‍ കേട്ടിട്ടുണ്ട്. അമച്വര്‍ എന്നും കൊമേഷ്യല്‍ എന്നും വിളിക്കുന്ന വലിയ ധാരയാണ് നാടകത്തിനുള്ളത്. അതില്‍ കൊമേഷ്യല്‍ നാടക ജീവിതങ്ങളെയാണ് നടന്‍ അവതരിപ്പിക്കുന്നത്. നാടകക്കാരെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ഇത്തരത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. കൂടാതെ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തിച്ചിരുന്നവരോ ആയ നിരവധിപ്പേര്‍ നടനിന്റെ ഭാഗമാകുന്നു എന്നതാണ്.
കെ.പി.എ.സി.ലളിത ചേച്ചി, മുകുന്ദന്‍, സേതുലക്ഷ്മി ചേച്ചി, ജയരാജ് വാര്യര്‍, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, ജോയ് മാത്യു, പി. ബാലചന്ദ്രന്‍ എന്നിങ്ങനെ നാടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരും നാടകങ്ങളിലൂടെ പരിചയപ്പെട്ടവരും ഞാന്‍ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നവരെല്ലാം നടന്റെ ഭാഗമാണ്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ചെറിയ റോള്‍ ചെയ്യുന്നവരാണെങ്കില്‍ പോലും തങ്ങളുടെ സ്വന്തം ജീവിതമാണ് സിനിമയാകുന്നത് എന്ന രീതിയില്‍ ഊര്‍ജ്ജസ്വലരായി ചിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. അതൊക്കെ വലിയൊരു അനുഭവമായിരുന്നു.
ഒരു കാലത്ത് ചലച്ചിത്ര രംഗത്തിന് നിരവധി അഭിനയ പ്രതിഭകളെ നാടകം സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ കാലക്രമത്തില്‍ അതു കുറഞ്ഞു വരുന്നതും നമ്മള്‍ കണ്ടു. നാടക രംഗത്തിനു സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള അപചയമാണ് ഇതിനു പിന്നിലെന്നു കരുതുന്നുണ്ടോ ? അതോ മറ്റെന്തെങ്കിലും കാരണം ഇതിനു പിന്നിലുണ്ടോ ?
അത് അങ്ങനെയല്ല കാണേണ്ടത്. ഞാന്‍ കരുതുന്നത് നാടകം, സിനിമ എന്നിവയ്ക്കിടയില്‍ പണ്ട് അതിര്‍വരമ്പുകള്‍ ഇല്ലായിരുന്നു. അഭിനയം എന്നത് മാത്രമായിരുന്നു കാര്യം. ചരിത്രം അറിയുന്നവര്‍ക്ക് നന്നായി മനസ്സിലാകും നാടകം തന്നെയായിരുന്നു സിനിമ. നാടകക്കാര്‍ തന്നെയായിരുന്നു സിനിമയില്‍ പ്രധാന ഭാഗമായിരുന്നത്. എന്നാല്‍ പിന്നീട് അവ തമ്മില്‍ അതിര്‍വരമ്പുകള്‍ ഉണ്ടായിവരുകയും വേര്‍തിരിവ് ശക്തമാകുകയും ചെയ്തു. ഇപ്പോള്‍ നോക്കിയാല്‍ ആ അതിര്‍ത്തികള്‍ ഇല്ലാതായി വരുന്നു എന്നു കാണാം. കാലം കൊണ്ടു വന്ന മാറ്റമാണത്.
കൊമേഷ്യല്‍ നാടകങ്ങള്‍ ഇപ്പോള്‍ എത്രത്തോളം ജനകീയമാണ് ?
നാടകം എന്നത് മാത്രമെടുത്താല്‍ ഇപ്പോഴും ജനകീയതയും പ്രതാപവും ഉണ്ട്. എന്നാല്‍ കൊമേഷ്യല്‍ നാടകങ്ങള്‍ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട്. അതു തന്നെയാണ് നടനും പറയുന്നത്. പണ്ട് നാടകങ്ങള്‍ കാണുന്നതിന് ആളുകള്‍ക്ക് ഉണ്ടായിരുന്ന താത്പര്യം തീര്‍ച്ചയായും ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു. കൊമേഷ്യല്‍ നാടകവേദിയെ അത് നന്നായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ നാടകമേഖലയെ സംബന്ധിച്ചിടത്തോളം കൊമേഷ്യല്‍ നാടക വേദികളില്‍ മാത്രമാണ് നിത്യജീവിതത്തിനായി അതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് കാണുന്നത്. അമച്വര്‍ നാടക വേദിയെ പ്രതിസന്ധി ബാധിക്കാത്തതിനു കാരണം അതിനെ ആശ്രയിച്ചു ജീവിക്കുന്നവ പ്രവര്‍ത്തകര്‍ കുറവാണ് എന്നതാണ്. എന്നാല്‍ കൊമേഷ്യല്‍ രംഗത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അതുകൊണ്ടു തന്നെ ആ രംഗത്തുള്ള തളര്‍ച്ച ആ നാടകപ്രവര്‍ത്തകരെ അതിഭീകരമായി ബാധിച്ചിട്ടുണ്ട്. അതു തന്നെയാണ് നടന്‍ പറയുന്നതും.
നാടകത്തെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ച് പറയാമോ ?
ഞാന്‍ കേരളത്തിലെ നാടക വേദിയിലെ സ്ത്രീകളെക്കുറിച്ചാണ് പഠനം നടത്തിയത്. അതിനെ അടിസ്ഥാനമാക്കി എഴുതിയ പുസ്തകമാണ് മലയാള നാടക സ്ത്രീ ചരിത്രം എന്നത്. പിന്നെ 2007 കാലഘട്ടത്തിലൊക്കെ നാടക രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അരങ്ങിന്റെ വകഭേദങ്ങള്‍.
നാടകരംഗത്ത് പഠനം നടത്തിയപ്പോള്‍ കടന്നു പോയ സ്ത്രീ ജീവിതങ്ങള്‍ നടനിലെ കഥാപാത്രങ്ങളില്‍ എത്രത്തോളമുണ്ട്?
വളരെ നല്ല രീതിയില്‍ തന്നെയുണ്ട്. നടനില്‍ പ്രധാന്യമേറിയ നാലഞ്ച് സ്ത്രീ കഥാപാത്രങ്ങളുണ്ട്. അവ പരിശോധിക്കുമ്പോള്‍ വിവിധ കാലഘട്ടങ്ങളില്‍ നാടകത്തിന്റെ ഭാഗമായിരുന്ന സ്ത്രീകളുടെ ജീവിതങ്ങളാണ് നമുക്ക് കാണാനാകുന്നത്. കെ.സി.എ.സി ലളിത ചേച്ചി അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രം, ആദ്യകാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സ്ത്രീകളെയാണ് പ്രതിനിധീകരിക്കുന്നത്. കലാരൂപങ്ങളെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയ ആദ്യകാല സ്ത്രീകളുടെ തലമുറയില്‍ പെട്ടയാള്‍. കച്ചേരിയൊക്കെ നടത്തിയും വിപ്ലവ ഗാനങ്ങള്‍ പാടിയും നാടകത്തില്‍ അഭിനയിച്ചുമൊക്കെ കഴിയുന്നയാളാണ് രാധാമണി. അങ്ങനെ ഒരു തലമുറ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. അവര്‍ കലയ്ക്കു വേണ്ടി ദുസ്സഹവും ദാരിദ്രവും പിടിച്ച ജീവിതം നയിക്കേണ്ടി വന്നവരാണ്. അവരുടെയൊക്കെ ജീവിതം ഒട്ടും സുരക്ഷിതത്വത്തിന്റേതായിരുന്നില്ല.
എന്റെ കഥാപാത്രമായ സുധര്‍മ കുറച്ചു കൂടി പുതിയ, എഴുപതിന്റെ അവസാനവും എണ്‍പതുകളിലുമുള്ള തലമുറയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അവര്‍ക്ക് കുടുംബമാണ് പ്രധാന്യമേറിയത്. കുടുംബത്തിനു വേണ്ടി അല്ലെങ്കില്‍ അതിനെ സുരക്ഷിതമാക്കാന്‍ നാടകവും കലാജീവിതവുമൊക്കെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാണ് . കുടുംബക്ഷേമമാണ് അവരുടെ ലക്ഷ്യം. രമ്യ നമ്പീശന്‍ ചെയ്യുന്ന കഥാപാത്രം കുറച്ചു കൂടി ആധുനികമാണ്. അവര്‍ നോക്കുന്നത് ജീവിതത്തില്‍ ഉയര്‍ച്ചയാണ്. അവരെ നാടകമൊന്നും ബാധിക്കുന്നില്ല. ഉയര്‍ച്ചയിലേയ്ക്കുള്ള ഒരു പടവു മാത്രമാണ് അവര്‍ക്ക് നാടകവും സിനിമയുമൊക്കെ. താന്‍ ഇട്ടിട്ടുപോയാല്‍ ഒരു നാടകം തട്ടില്‍ക്കയറുമോ എന്നതൊന്നും അവരെ ബാധിക്കുന്ന വിഷയമല്ല. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ എല്ലാം ഞാന്‍ എന്റെ ജീവിതത്തില്‍ തന്നെ കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവരോട് സംസാരിച്ചിട്ടുമുണ്ട്. എന്റെ പുസ്തകത്തില്‍ പ്രൊഫഷണല്‍ നാടക വേദികളെക്കുറിച്ച് ഒരു അദ്ധ്യായ പറയുന്നുണ്ട്. അതില്‍ പറയുന്ന പല കാര്യങ്ങളുമായും നടനിലെ അഭിനയമൂഹൂര്‍ത്തങ്ങള്‍ക്ക് ബന്ധമുണ്ട്.
സജിതാ മഠത്തില്‍ എന്ന നാടക നടിയ്ക്ക് സുധര്‍മയുമായി എന്തെങ്കിലും സാമ്യമുണ്ടോ ?
നാടക നടി എന്ന നിലയിലല്ലാതെ മറ്റൊരു സാമ്യമേ ഇല്ല. ഞാന്‍ ഒരിക്കലും നാടകം ഉപേക്ഷിക്കില്ല, അതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്തൊക്കെ പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നാലും നാടകം എന്നോടൊപ്പം ഉണ്ടാകും. എന്നോടാരും നാടകം ഉപേക്ഷിക്കാനും പറഞ്ഞിട്ടില്ല.
നാടകത്തില്‍ അല്‍പം അതിഭാവുകത്വത്തിന്റെ അംശമുണ്ടാകുമല്ലോ, സിനിമയിലെത്തിയപ്പോള്‍ എങ്ങനെയായിരുന്നു ?
അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു. ഞാന്‍ അഭിനയം പഠിച്ചതിന്റെ പിന്‍ബലം ഉണ്ടായിരുന്നതു കൊണ്ടു തന്നെ എനിക്ക് അത്തരം ബുദ്ധിമുട്ടുകള്‍ വന്നില്ല. പഠിക്കുമ്പോള്‍ തന്നെ നാടകത്തിലും ക്യാമറയ്ക്കു മുന്നിലുള്ളതുമായുള്ളവ വേര്‍തിരിച്ച് മനസ്സിലാക്കിയിരുന്നു. എന്നാല്‍ നാടകത്തിന്റെയും സിനിമയിലെയും അഭിനയം വേര്‍തിരിച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്. രണ്ടിലും ഉപയോഗിക്കുന്ന ടെക്‌നിക്കുകള്‍ തമ്മില്‍ നല്ല വ്യത്യാസമുള്ളതായി കാണാം.
നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക് എത്തുന്നവരോട് സ്വന്തം അനുഭവത്തില്‍ നിന്ന് ഒരു ടിപ്പ് നല്‍കിയാല്‍ എന്തായിരിക്കും?
അങ്ങനെ പ്രത്യേകിച്ച് ടിപ്പ് നല്‍കാനൊന്നുമില്ല. സിനിമയായാലും നാടകമായാലും ഒരേ പാഷനോടു കൂടി സമീപിക്കേണ്ടവയാണ്. സിനിമയുടെ പ്രശസ്തിയും ഗ്ലാമറും കണ്ടു മാത്രം ആരും വന്നിട്ട് അര്‍ത്ഥമില്ല. നാടകാഭിനയത്തിലുള്ള അതേ വേദനയും ആയാസവുമൊക്കെ സിനിമയിലെ അഭിനയത്തിലുമുണ്ട്. അത്രയും ഈസിയൊന്നുമല്ല.
പുതിയ ഓഫറുകള്‍ ?
കുറേ ഓഫറുകള്‍ ഉണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് തുടര്‍ച്ചയായി സിനിമ ചെയ്യുന്നതില്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. കാരണം ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയാണ്. അപ്പോള്‍ എന്റെ ജോലിക്കൊപ്പം തന്നെ അഭിനയവും കൊണ്ടു പോകാന്‍ കഴിയണം. ഉത്തരവാദിത്വങ്ങള്‍ക്കിടയിലും എന്നാല്‍ കഴിയുന്ന മികച്ച റോളുകള്‍ ചെയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഒരു കഥാപാത്രം വരുമ്പോള്‍ ഞാന്‍ നോക്കുന്നത് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതാണോ, എന്നെ തിരഞ്ഞെടുക്കാന്‍ കാര്യം എന്തായിരിക്കും ഞാന്‍ ഇല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണോ എന്നതൊക്കെയാണ്. തുടര്‍ച്ചയായിട്ട് സിനിമ ചെയ്യുന്നതാണോ അതോ ഇഷ്ടപ്പെടുന്ന, ചെയ്യാന്‍ കഴിയുന്ന പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏതാനും സിനിമ ചെയ്യുന്നതാണോ നല്ലതെന്ന് തീര്‍ച്ചയായും നോക്കാറുണ്ട്. പക്ഷേ പലപ്പോഴും സംഗീത നാടക അക്കാദമിയിലെ തിരക്കുകള്‍ കാരണം പല ഓഫറുകളും സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ തിരക്കിനിടയിലുള്ള ഓഫറുകള്‍ മിക്കവാറും ഒഴിവാക്കുകയാണ് പതിവ്.
Friday, November 1, 2013
കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്??
കേരളത്തിന്റെ നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്താണ് ചിന്തിക്കുന്നത്? അവര്‍ക്കു പറയാനുള്ളത് എന്താവും? മലയാള നാടകവേദിയെക്കുറിച്ച് ആനുകാലികങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഭൂരിഭാഗവും നാടകാചാര്യന്മാരുടെ അനുഭവങ്ങളില്‍ നിന്നാവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. സ്ത്രീ നാടക പ്രവര്‍ത്തകര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഗൗരവപ്പെട്ടതായോ, കാമ്പുള്ളവയായോ ആനുകാലികങ്ങളില്‍ കാണാറില്ല. അരുതാത്തിടത്ത് വന്നുകയറിപ്പോകുന്ന ഒരാളുടെ ജാള്യതയോടെയാണ് ഓരോ സ്ത്രീയും തങ്ങളുടെ നാടകാനുഭവങ്ങള്‍ക്കിരിക്കുന്നത്. ആയതിനാല്‍ തന്നെ അവയെക്കുറിച്ചു മറ്റുള്ളവരോട് പറയുന്നത് മടിച്ചുകൊണ്ടുമായിരിക്കും. നാടകം തങ്ങളുടെ ഇടമായി സ്വാതന്ത്ര്യത്തിന്റെ ഭാഷയായി മലയാളി സ്ത്രീ കണ്ടുതുടങ്ങിയത് 1980കളുടെ അവസാനത്തോടെയാണ്. അതിനു സാധ്യമായ ഒട്ടനവധി കാര്യങ്ങള്‍ അവര്‍ക്കു ചുറ്റും സംഭവിക്കുന്നുണ്ടായിരുന്നു.
മിസ് അമെരിക്ക, മിസ് വേള്‍ഡ് തുടങ്ങിയ മത്സരങ്ങള്‍ക്കെതിരേ സ്ത്രീകള്‍ അവതരിപ്പിച്ച രാഷ്ട്രീയ നാടകങ്ങളില്‍ നിന്നാണ് ഫെമിനിസ്റ്റ് നാടകവേദി എന്ന ആശയം രൂപംകൊള്ളുന്നത്. ഈ നാടകവേദി ഒരു ദിശയില്‍ മാത്രമല്ല ഒരിക്കലും പോയിട്ടുള്ളത്. ഫെമിനിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും സ്ത്രീകള്‍ മാത്രമുള്ള സംഘങ്ങള്‍ക്കും ഫെമിനിസ്റ്റ് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയും എല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെട്ടു. നാടകവേദിക്കകത്ത് സ്വന്തമായി ഇടം കണ്ടെത്തുകയും നിലനില്‍ക്കുന്ന പുരുഷാധിപത്യഘടനയെ അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിലൂടെ മാറിമറിഞ്ഞത് നാടകമെന്ന മാധ്യമത്തിന്റെ സൗന്ദര്യശാസ്ത്രം തന്നെ. കാഴ്ചയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങള്‍, രംഗവേദിയിലെ സ്ത്രീയുടെ ശരീരഭാഷയെ ചോദ്യം ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു. അരങ്ങിനെ പിടിച്ചടക്കിയിരുന്ന പ്രഖ്യാതമായ നാടകരചനകളും രചയിതാക്കളും വിമര്‍ശനാത്മകമായി വായിക്കപ്പെട്ടു. അവയില്‍ നിന്ന് പുതിയ സ്ത്രീ രചനകളിലേക്കും ചരിത്രം മറന്ന സ്ത്രീ നാടക രചനകളുടെ പുനരാവിഷ്‌കാരത്തിനും കാരണമായി. പുതിയ നാടക സ്ത്രീ ചരിത്രങ്ങള്‍ എഴുതപ്പെട്ടു.
നാടകപഠനത്തിന് സംവിധായകന്‍ നല്‍കുന്ന രംഗപാഠമാണ് അരങ്ങില്‍ നടീനടന്മാര്‍ അഭിനയാദികളിലൂടെ ദൃശ്യവത്കരിക്കുന്നത്. ഇവിടെ നാടകകൃത്തിന്റെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് നടക്കുന്നതെന്നു കാണാം. നടിയുടെ രംഗചലനങ്ങള്‍, രംഗപടുതികള്‍, രംഗചേഷ്ടകള്‍ ഇവയൊക്കെ ഇത് നിര്‍ണയിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍, സ്ത്രീ പുരുഷ ബന്ധങ്ങള്‍ എന്നിവ ഇവിടെ പകര്‍ത്തപ്പെടുന്നു.
സ്ത്രീ ശരീരത്തെക്കുറിച്ചുള്ള സംവിധായക സങ്കല്‍പ്പം, നിലനില്‍ക്കുന്ന സാംസ്‌കാരിക നിയമങ്ങള്‍ രൂപപ്പെടുത്തുന്നതുമാണെന്നു കാണാം. ഇതേ സാംസ്‌കാരിക അന്തരീക്ഷത്തിലെ പ്രേക്ഷകന് ഈ രംഗഭാഷ ആസ്വാദ്യമാവുകയും ചെയ്യുന്നു. കേരളത്തിലെ സംവിധായകനും പ്രേക്ഷകനും ഭൂരിഭാഗവും പുരുഷന്മാരാണെന്നു കാണാം. നടിക്കാകട്ടെ കഥാപാത്രത്തെ സംവിധായകനൊപ്പം നിന്ന് അഭിനയിച്ചു തീര്‍ക്കുക എന്ന പങ്കാണ് നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ ആനുഭവികവും വസ്തുനിഷ്ഠവുമായ സ്ത്രീ യാഥാര്‍ഥ്യം ഇവിടെ പുനര്‍സൃഷ്ടിക്കപ്പെടുന്നില്ല. കല്‍പ്പിത സ്ത്രീബിംബങ്ങളുടെ പുനര്‍പാരായണം നടക്കുന്നുമില്ല. ഇത് സാധ്യമാകണമെങ്കില്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ ആവശ്യമായിരുന്നു.
സ്ത്രീ നടാകവേദികളും സ്ത്രീവാദ നാടകവേദികളും മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇത്തരം ബോധപൂര്‍വമായ ഇടപെടലുകള്‍ സാധ്യമാക്കുന്നവയാണ്. സമൂഹത്തിന്റെ അരികുകളില്‍ നിന്നു പക്ഷാന്തരമായ( altranative ) മാര്‍ഗം സ്വീകരിച്ചുകൊണ്ട് ഈ നാടകവേദികള്‍ പരമ്പരാഗത നാടകവേദിയില്‍ രാഷ്ട്രീയമായ ചോദ്യം ചെയ്യലാണ് നടത്തുന്നത്. കൃതിയെ, രംഗഭാഷയെ, നാടക സിദ്ധാന്തങ്ങളെ എല്ലാം തന്നെ പുനര്‍നിര്‍മിക്കുന്ന ഒരു സൗന്ദര്യ ദര്‍ശനമാണ് ഈ നാടകവേദികള്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ക്കൊപ്പം വളര്‍ന്നുവന്ന്, ഘട്ടംഘട്ടമായി നാടകവേദിയുടെ ലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവുമായ പ്രത്യയശാസ്ത്രത്തെ നിശിതമായി ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ ബിംബങ്ങളുടെ പുനര്‍സൃഷ്ടി നടത്താനുള്ള ശ്രമവും അതിനായുള്ള സൗന്ദര്യശാസ്ത്രവുമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.
1970കളുടെ അവസാനം ഡല്‍ഹിയിലെ ജനനാട്യ മഞ്ച് സഫ്ദര്‍ ഹഷ്മിയുടെ നേതൃത്വത്തില്‍ ഔരത്ത് ( Women 1979) ചെയ്യുന്നു. സ്ത്രീധനത്തിനായി വധുവിനെ ജീവനോടെ അഗ്നിക്കിരയാക്കുന്നതും ഭാര്യാപീഡനവുമെല്ലാം രംഗവേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കാണികള്‍ അന്ധാളിച്ചുപോയി. ഈ അങ്കലാപ്പ് തന്നെയായിരുന്നു ബോംബെയിലും ഹൈദരാബാദിലും സംഭവിച്ചത്. ആദ്യമായി ഇന്ത്യന്‍ സ്ത്രീ ജീവിതം അരങ്ങിന്റെ ഭാഗമായി. ഒട്ടേറെ സ്ത്രീകള്‍ക്ക് നടാകമെന്ന മാധ്യമം പരിചയപ്പെടാനും അതിന്റെ സാധ്യതകള്‍ മനസിലാക്കാനും ഇതൊരു അവസരമായി.
80കളുടെ ആദ്യത്തില്‍ സഹേലി എന്ന സംഘടന അവതരിപ്പിച്ച ' പെണ്‍കുഞ്ഞ് ജനിച്ചു' എന്ന മറാഠി നാടകം, ഹൈദരാബാദില്‍ സൂസിതാരുവും വിമലാ കണ്ണബീരാനും ഇതേ വിഷയത്തെ ആസ്പദമാക്കി എഴുതിയ സ്ത്രീ മുക്തിസംഘടനയുടെ നാടകം എന്നിവയെല്ലാം ഇതേ കാലത്ത് എഴുതപ്പെട്ടവയാണ്. തുടര്‍ന്ന് ധാരാളം സ്ത്രീ സംഘടനകളും സ്ത്രീ സാടക സംഘങ്ങളും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുകയുണ്ടായി. ഇക്കാലത്ത് നാടകത്തിന്റെ കലാമൂല്യത്തേക്കാള്‍ ആശയപ്രചാരത്തിനാണ് പ്രാധാന്യം നല്‍കപ്പെട്ടത്. നാടകം സൗന്ദര്യാത്മകമായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പതുക്കെ ഉയര്‍ന്നുവരാന്‍ തുടങ്ങി. മുദ്രാവാക്യങ്ങള്‍ സംഭാഷണങ്ങളിലൂടെ ഉതിര്‍ക്കുന്നവയല്ല നാടകമെന്ന ബോധ്യപ്പെടല്‍ പല ഗ്രൂപ്പുകള്‍ക്കും ഉണ്ടായി. ഇത് സ്ത്രീ നാടക ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിന് പ്രാരംഭം കുറിച്ചു.
നാടക പഠനത്തിനായി ഒട്ടേറെ സ്ത്രീകള്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെത്തിച്ചേരുന്നത് ഇക്കാലത്താണ്. നീലം മാന്‍ സിങ് ചൗധരിയും മധുശ്രീ ദത്തയും ബി ജയശ്രീയും ഇവിടെ നിന്ന് നാടകത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ഫെമിനിസ്റ്റ് ചിന്തകളില്‍ നിന്ന് നാടകപ്രവര്‍ത്തനത്തിലേക്ക് പോയവരാണ് ത്രിപുരാരി ശര്‍മയും അനുരാധ കപൂറും മറ്റും. കഥകളിയുടെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാറാവു തന്റെ നാടകം രൂപപ്പെടുത്തിയെങ്കില്‍ മാലശ്രീ ഹാഷ്മി തെരുവു നാടകരൂപത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കീര്‍ത്തി ജെയ്‌നം, ഉഷ ഗാംഗുലി, ശാന്ത ഗാന്ധി, വീണാപാണി ചൗള എന്നിവരെല്ലാം നാടകരംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണിന്ന്.
കേരളത്തില്‍ ഇതിനു തുടര്‍ച്ചയായാണ് ഫെമിനിസ്റ്റ് നാടക പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. മാനുഷിയും സമതയും ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയും എഴുപതുകളില്‍ ഒട്ടേറെ സ്ത്രീകളെ രംഗത്തുകൊണ്ടുവന്നപ്പോള്‍, തൊണ്ണൂറുകളില്‍ സ്ത്രീ പഠനകേന്ദ്രം കൂത്താട്ടുകുളത്ത് സ്ത്രീനാടക ക്യാംപ് നടത്തുന്നതും, അതിന്റെ തുടര്‍ച്ചയെന്നോണം അഭിനേത്രി പോലുള്ള സ്ത്രീനാടക സംഘങ്ങള്‍ രൂപപ്പെടുകയും ചെയ്തു. സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിലും അഭിനേത്രിയുടെ നേതൃത്വതിലും സ്ത്രീ നാടകപ്പണിപ്പുരകള്‍ നടക്കുകയുണ്ടായി. ഇന്ത്യന്‍ സ്ത്രീക്ക് നാടകവേദിയെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. കുറെക്കൂടി ഗൗരവത്തോടെ സ്ത്രീ നാടക പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതില്‍ നിരീക്ഷ എന്ന സ്ത്രീ നാടക സംഘടന വിജയംവരിക്കുന്നത് ഈ നാടകാനുഭവങ്ങളുടെ തുടര്‍ച്ചയായാണ്. ശ്രീജ, മിനി തുടങ്ങിയ ഒട്ടേറെ സ്ത്രീ നാടകപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്ന നാടകസംഘങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.
സജിത മഠത്തില്‍
Subscribe to:
Comments (Atom)
